മസ്ജിദുല്‍ അഖ്‌സയില്‍ ജൂത കൈയേറ്റം

Posted on: September 14, 2015 4:37 am | Last updated: September 14, 2015 at 7:18 am

al-aqsaജറൂസലം: വിശുദ്ധമായ മസ്ജിദുല്‍അഖ്‌സയിലേക്ക് ഇസ്‌റാഈല്‍ സൈന്യം അതിക്രമിച്ചുകയറിയതിനെ തുടര്‍ന്ന് സംഘര്‍ഷം. സംഭവത്തില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈല്‍ സൈന്യവും പോലീസും നടത്തുന്ന അധിനിവേശത്തെയും വിശ്വാസികള്‍ക്കെതിരെ സ്വീകരിക്കുന്ന അക്രമ മാര്‍ഗത്തെയും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ശക്തമായി അപലപിച്ചു. കല്ലെറിഞ്ഞവരെ പിടികൂടാനെന്ന പേരിലാണ് മസ്ജിദുല്‍അഖ്‌സക്കുള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം അതിക്രമിച്ചുകയറിയത്. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു.

മസ്ജിദ് കോമ്പൗണ്ടിനുള്ളില്‍ നിന്ന് പുകയുയരുന്നതിന്റെയും പള്ളിക്കുള്ളിലെ മുസ്വല്ലകള്‍ കത്തിക്കരിഞ്ഞതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചിട്ടുണ്ട്. പള്ളിക്കുള്ളില്‍ മുഖം മൂടി ധരിച്ചെത്തിയവര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് പ്രസ്താവനയില്‍ പറയുന്നത്. പള്ളിക്കുള്ളിലെ മുസ്വല്ലകള്‍ ഭാഗികമായി കത്തിനശിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

ഇസ്‌റാഈല്‍ സൈന്യത്തിന്റെ സുരക്ഷയോടെ 80ലധികം വരുന്ന ജൂതകുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സക്ക് നേരെ ആക്രമണം നടത്തിയെന്ന് അല്‍അഖ്‌സ മാനേജര്‍ ഉമര്‍ ഖിസ്‌വാനി അല്‍ ജസീറയോട് പറഞ്ഞു. പിന്നീട് സംഘര്‍ഷം പള്ളിയുടെ കോമ്പൗണ്ടിന് പുറത്തേക്കും വ്യാപിച്ചു. പ്രതിഷേധവുമായി എത്തിയ ഫലസ്തീന്‍കാര്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു നേരിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് വിശ്വാസികള്‍ പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുന്ന കോമ്പൗണ്ടിലെ പ്രവേശന കവാടം ഇസ്‌റാഈല്‍ അടച്ചിട്ടിരിക്കുകയാണ്. ജൂതരുടെ പുതുവര്‍ഷ ആഘോഷമായ റോഷ് ഹശാന ആഘോഷിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

al

പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് മുസ്‌ലിം സംഘങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി മോശെ യാലൂണ്‍ നിരോധമേര്‍പ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ അസ്വസ്ഥത നിലനില്‍ക്കെയാണ് പുതിയ അതിക്രമം ഉണ്ടായത്.