Connect with us

Articles

മൂന്നാറിലെ കൊടുങ്കാറ്റ്

Published

|

Last Updated

ഒരു മൂന്നാര്‍ തീര്‍ഥാടനകാലം കൂടി കടന്നുപോകുകയാണ്. അനധികൃത നിര്‍മാണങ്ങളെ ഇടിച്ചുതകര്‍ക്കാനും കൈയേറിയ ഭൂമി തിരികെപ്പിടിക്കാനുമായിരുന്നു ആദ്യത്തെ തീര്‍ഥാടനം. അത് പാതിയില്‍ അവസാനിച്ചു. അവസാനിപ്പിക്കേണ്ടിവന്നുവെന്ന് പറയുന്നതാകും കൂടുതല്‍ ഉചിതം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വനംവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു രണ്ടാം തീര്‍ഥാടനം. അത് തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. പിന്നീടിപ്പോഴാണ് മൂന്നാറിലേക്കുള്ള രാഷ്ട്രീയ – ഭരണ നേതൃത്വത്തിന്റെ തീര്‍ഥാടനം നടക്കുന്നത്. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയിലെ ഓഹരിയുടമകള്‍ കൂടിയായ തൊഴിലാളികള്‍ വ്യവസ്ഥാപിത ട്രേഡ് യൂനിയനുകളെ തള്ളിപ്പറഞ്ഞ് സമരത്തിനിറങ്ങി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍.
തേയിലത്തോട്ടം പരിചരിക്കുകയും കൊളുന്ത് നുള്ളുകയും ചെയ്യുന്ന തൊഴിലാളികളുടെ ഉടനുള്ള ആവശ്യം ബോണസ് വര്‍ധിപ്പിച്ച് കിട്ടുക എന്നതായിരുന്നു. ദിവസം 234 രൂപ എന്ന കൂലി കൂട്ടുക എന്നതും. ഈ ആവശ്യങ്ങളിലേക്ക് പരിമിതപ്പെടുത്തി മാത്രം കാണണമോ മൂന്നാറിലെയും വയനാട്ടിലെയും പാലക്കാട്ടെയും കൊല്ലത്തെയുമൊക്കെ തോട്ടം തൊഴിലാളികളുടെ സ്ഥിതിയെ എന്നതാണ് പ്രധാനമായും ആലോചിക്കേണ്ടത്. അതിലേക്ക് കാര്യങ്ങളെ വളര്‍ത്താതെ നോക്കുന്നുണ്ട്, മൂന്നാറിലെ തൊഴിലാളികളെ വര്‍ഷങ്ങളായി ചൂഷണം ചെയ്യാന്‍ അനുവദിച്ച് കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വം. അങ്ങനെ വിശാലമായി ചിന്തിക്കാന്‍ പൊടുന്നനെ തെരുവിലിറങ്ങിയ കണ്ണന്‍ ദേവന്‍ തൊഴിലാളികള്‍ക്ക് സാധിക്കില്ല എന്നത് രാഷ്ട്രീയ നേതൃത്വത്തിന് തുണയാകുന്നു.
ബ്രിട്ടീഷുകാര്‍ പണിതിട്ട ലയങ്ങളില്‍ താമസം, സ്വന്തമായി ഭൂമിയില്ല, കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ല, സൗകര്യമുള്ളിടങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ പാകത്തിലുള്ള സാമ്പത്തിക ഭദ്രതയില്ല ഇതൊക്കെയാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സ്ഥിതി. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നത് മൂന്നാറിനെ കുത്തകപ്പാട്ടത്തിലാക്കിയ ടാറ്റയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പൂഞ്ഞാര്‍ രാജാവില്‍ നിന്ന് ജോണ്‍ ഡാനിയല്‍ മണ്‍റോ പാട്ടത്തിനെടുത്ത 1,36,600 ഏക്കര്‍ ഭൂമിയാണ് മൂന്നാറിലെ ഇന്നത്തെ തോട്ടം മേഖല. ഈ പാട്ടക്കരാറാണ് പിന്നീട് ടാറ്റ – ഫിന്‍ലേ കമ്പനി ഏറ്റെടുത്തത്. അത് പിന്നീട് ടാറ്റ ടീയുടേതായി മാറുകയും ചെയ്തു. മൂന്നാറിലെ കണ്ണന്‍ ദേവന്‍ കുന്നുകള്‍ അളന്നു തിരിക്കാന്‍ ജനാധിപത്യ ഭരണകൂടം പിന്നീട് തിരുമാനിച്ചു. അതിന്റെ ഫലമാണ് 1971ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് റിഡംപ്ഷന്‍ ഓഫ് ലാന്‍ഡ് നിയമം. തോട്ടം, വനഭൂമി, അല്ലാത്ത ഭൂമി എന്നിങ്ങനെ കണ്ണന്‍ ദേവന്‍ കുന്നുകളെ അളന്നു തിരിക്കുക എന്നതായിരുന്നു ലക്ഷ്യം. തോട്ടം സ്ഥാപിക്കാന്‍ പാട്ടത്തിന് നല്‍കിയതില്‍ തോട്ടമായി രൂപാന്തരപ്പെടാത്ത എഴുപതിനായിരം ഏക്കര്‍ ഭൂമി ടാറ്റയുടെ പക്കലുണ്ടെന്ന് കണ്ടെത്തി. ഇത് തിരിച്ചെടുത്ത് വനമായുള്ളത് സംരക്ഷിക്കാന്‍ നിര്‍ദേശവും നല്‍കി. ഇത് പക്ഷെ, നടപ്പായില്ല.
ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനും പിന്നീട് പകരം ഭൂമി നല്‍കാനും പാസ്സാക്കിയ നിയമങ്ങളെപ്പോലെ തന്നെയായി ഈ നിയമവും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള നിയമമാണ് നടപ്പാകാതിരുന്നതെങ്കില്‍ ഇവിടെ സമ്പത്തും സ്വാധീനവുമുള്ള ടാറ്റയുടെ പക്കല്‍ നിന്ന് ഭൂമി തിരിച്ചെടുക്കുക എന്ന നിയമമാണ് നടപ്പാകാതിരുന്നത് എന്ന വ്യത്യാസം മാത്രം. ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച എഴുപതിനായിരത്തില്‍പ്പരം ഏക്കര്‍ സ്ഥലം ടാറ്റ സ്വന്തമായി അനുഭവിച്ചു. അതില്‍ ചില ഭാഗങ്ങള്‍ കൈമാറ്റം ചെയ്തു. മറ്റുചില സ്ഥലങ്ങള്‍ വിറകിന് വേണ്ട മരം വളര്‍ത്താന്‍ ഉപയോഗിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് പൊതു ജനങ്ങള്‍ക്കും സര്‍ക്കാറിനും വാടകക്കു നല്‍കി പണം പിരിച്ചു. ഇടക്കാലത്ത് രണ്ട് നിയമസഭാ സമിതികള്‍ ഈ ക്രമക്കേട് ചൂണ്ടിക്കാട്ടി. ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരികെപ്പിടിക്കണമെന്ന് ശിപാര്‍ശ ചെയ്തു. ഈ ശിപാര്‍ശകളൊന്നും നടപ്പാക്കപ്പെട്ടില്ല. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ടാറ്റയുടെ കൈവശമുണ്ടായിരുന്ന കുറച്ച് തിരികെപ്പിടിച്ചതായി അവകാശപ്പെട്ടു. തിരിച്ചെടുത്തത് വനംവകുപ്പിന്റെ പക്കല്‍ നേരത്തെയുള്ള ഭൂമി തന്നെയാണെന്ന് അന്ന് വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം പറഞ്ഞതോടെ ടാറ്റയുടെ ഭൂമിയിലേക്ക് ആരും കയറില്ലെന്ന് ഉറപ്പാകുകയും ചെയ്തു. ആ നില ഇപ്പോഴും തുടരുന്നു.
ടാറ്റയുടെ നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട നിരവധി ഹരജികള്‍ വിവിധ കോടതികളില്‍ തീര്‍പ്പ് കാത്തു കിടന്നത് നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാട്ടി സര്‍ക്കാറുകള്‍ രക്ഷപ്പെട്ടു. വിനോദ സഞ്ചാര മേഖലയില്‍ മൂന്നാറിനുള്ള പ്രാധാന്യം മുതലെടുക്കാന്‍ പണവും സ്വാധീനവുമുള്ളവര്‍ ഇക്കാലത്തിനിടെ രംഗത്തുവന്നു. അവര്‍ ടാറ്റയില്‍ നിന്ന് ഭൂമി വാങ്ങി റിസോര്‍ട്ടുകള്‍ പണിതു. സര്‍ക്കാറില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമി ടാറ്റ കൈമാറ്റം ചെയ്തതെങ്ങനെ എന്നൊന്നും ചോദിക്കരുത്. എല്ലാം അവര്‍ തീരുമാനിക്കുന്നതുപോലെ നടന്നു. രാഷ്ട്രീയ പാര്‍ട്ടികളോ തൊഴിലാളി സംഘടനകളോ ഇതിനെയൊന്നും ചോദ്യം ചെയ്തില്ല. അതിന് കിട്ടിയ ഉപഹാരങ്ങളാണ് സമരം ചെയ്യുന്ന തൊഴിലാളികള്‍ ഇപ്പോള്‍ പുറത്തുവിടുന്ന കെട്ടിടങ്ങളുടെ കണക്കുകള്‍.
മൂന്നാറിലെ ഭൂമിയൊന്നാകെ ടാറ്റ കൈവശം വെക്കുന്നതും കെട്ടിടങ്ങള്‍ക്ക് അവര്‍ വാടക ഈടാക്കുന്നതും ഇഷ്ടമില്ലാത്തവരെ ഒഴിപ്പിക്കുന്നതുമൊക്കെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട നിരവധി ഹരജികള്‍ കോടതികളുടെ മുന്നിലുണ്ട്. ഇവയിലൊന്നും തീര്‍പ്പുണ്ടാകാറില്ല. സിവില്‍ അന്യായങ്ങള്‍ എത്ര നീണ്ടാലും ആര്‍ക്കും കുറ്റംപറയാനാകില്ലല്ലോ! അന്യായങ്ങള്‍ നീട്ടിനീട്ടിവെച്ച് ജുഡീഷ്യറിയും ടാറ്റക്ക് അരു നില്‍ക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നു. ടാറ്റ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കാതെ, മൂന്നാറിലെ തോട്ടം തോഴിലാളികള്‍ക്ക് ഭൂമി വിതരണം ചെയ്യാനാകില്ല.
കുറഞ്ഞ വരുമാനം മാത്രമുള്ള അടിസ്ഥാനവര്‍ഗത്തിന് സാമൂഹികമായോ സാമ്പത്തികമായോ മുന്നേറാനുള്ള വഴി തുറക്കണമെങ്കില്‍ അവര്‍ക്ക് സ്വന്തമായി ഭൂമി ഉണ്ടാകണം. അതില്ലാത്തിടത്തോളം ടാറ്റയുടെ (ഇപ്പോള്‍ പേരില്‍ കണ്ണന്‍ ദേവന്റെ) ലയങ്ങളില്‍ തലമുറകളെ തളച്ചിടുക എന്നതേ ഇവര്‍ക്ക് മുന്നില്‍ മാര്‍ഗമുള്ളൂ. അതാണ് ഇത്രയും കാലം നടന്നത്. ടാറ്റ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത്, തൊഴിലാളികളുടെ അതിജീവനത്തിന് സഹായകമാകുന്ന അളവില്‍ വിതരണം ചെയ്തില്ലെങ്കില്‍ ഈ തടവറ തുടരും. സാമ്പത്തിക സ്വാതന്ത്ര്യം കുറഞ്ഞ അളവില്‍ പോലുമില്ലാത്തതുകൊണ്ടാണ് കുറഞ്ഞ കൂലിക്ക് ഇത്രയും കാലം ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവന്നത്, ഇനി തുടരേണ്ടിവരുന്നതും. കൊളുന്ത് നുള്ളുന്ന തൊഴില്‍ നാളെ ഇല്ലാതായാല്‍ ഉപജീവനത്തിന് എന്ത് ചെയ്യുമെന്ന ചോദ്യം ഇവരോരുത്തരും നേരിടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് കൂലികൂട്ടണമെന്ന് തലയുയര്‍ത്തി നിന്ന് ഇവര്‍ക്ക് ആവശ്യപ്പെടാന്‍ സാധിക്കാത്തതും. ഈ അവസ്ഥ നന്നായി അറിയാവുന്നതുകൊണ്ടാണ് മാനേജുമെന്റുകളുമായി ചേര്‍ന്ന് തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കും വിധത്തില്‍ പെരുമാറാനും അതിന്റെ ആനുകൂല്യം സ്വന്തം അക്കൗണ്ടിലേക്ക് വരുന്നുവെന്ന് ഉറപ്പാക്കാനും ട്രേഡ് യൂനിയനുകള്‍ക്കും അവയുടെ നേതാക്കള്‍ക്കും സാധിച്ചതും.
ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമിയുടെ കണക്ക് പുറത്തുവന്നിട്ട് കാലങ്ങളായി. ഇത് തിരിച്ചെടുക്കാന്‍ ആത്മാര്‍ഥമായ ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ചെറിയ ശ്രമങ്ങള്‍ ഉണ്ടായാല്‍ അതിനെ കോടതി നടപടികളിലൂടെ നേരിടാന്‍ ഹാരിസണിനും മറ്റും സാധിക്കുന്നുമുണ്ട്. ഇതവസാനിപ്പിച്ച്, സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഒരു തൊഴിലാളി സംഘടനയും സ്വീകരിക്കാറില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മുന്‍ഗണനയായി അത് മാറാറുമില്ല. ഹാരിസണിന്റെ പക്കലുള്ള അനധികൃതഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നടന്നത് പോലെ ഒറ്റക്കും തെറ്റക്കും സമരങ്ങള്‍ നടക്കുന്നുണ്ട് എന്നത് മറക്കുന്നില്ല.
മൂന്നാറിലെ ഈ തീര്‍ഥാടനകാലം അവസാനിക്കുമ്പോള്‍, തെരുവിലിറങ്ങിയ തൊഴിലാളികളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ ഒത്തുതീര്‍പ്പിന് വിധേയമായി നടപ്പാക്കപ്പെട്ടേക്കാം. തത്കാലത്തെ ആവശ്യം നിറവേറ്റിയെന്ന ആശ്വാസത്തില്‍ തൊഴിലാളികള്‍ക്ക് ലയങ്ങളിലേക്ക് മടങ്ങുകയുമാകാം. സമരം ശക്തമായപ്പോള്‍ ഇനിയും മാറിനിന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് കളത്തിലിറങ്ങി തിരസ്‌കൃതരായ നേതാക്കള്‍ക്ക് മുറിവുനക്കി ഉണക്കാനും ശ്രമിക്കാം. വിശ്വാസ്യത നഷ്ടപ്പെട്ട തൊഴിലാളി സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും നേതൃത്വമില്ലാതെ സംഘടിതരായവരെ ഭിന്നിപ്പിച്ച് മുതലെടുക്കുന്നതെങ്ങനെ എന്ന ആലോചന തുടങ്ങുകയുമാകാം. മുതലാളിമാരുടെ കങ്കാണികളാകുന്ന തൊഴിലാളി നേതാക്കളുണ്ടോ എന്ന് പരിശോധിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഒഴിവാക്കുമെന്നും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകരിലുള്ള പാളിച്ചകള്‍ തിരുത്തുമെന്നും സി പി എമ്മിന് പ്രഖ്യാപിക്കാം. (മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതുപോലും വേണ്ടതില്ല)
സ്വാതന്ത്ര്യത്തിന് 68 വയസ്സു തികഞ്ഞിട്ടും ഇവരുടെ ജീവിതം എന്തുകൊണ്ടിങ്ങനെ തുടരുന്നുവെന്ന ആലോചനയോ അതില്‍ മാറ്റം വരുത്താനുതകുന്ന നടപടികളോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. അതങ്ങനെ എളുപ്പത്തില്‍ മാറുന്നതല്ല. ആസിയാന്‍ കരാര്‍ ഒപ്പിട്ടതോടെ ഇതര രാഷ്ട്രങ്ങളില്‍ നിന്ന് കുറഞ്ഞവിലക്ക് തേയിലയുള്‍പ്പെടെ തോട്ടവിളകളുടെ ഇറക്കുമതി കൂടി. ഇതോടെയുണ്ടായ വിലയിടിവ് കമ്പനികളെയാകെ ബാധിച്ചിട്ടുണ്ട്. അത് മനസ്സിലാക്കാതെ കൂലി കൂട്ടണമെന്നും ബോണസ് വേണമെന്നും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാല്‍ തോട്ടങ്ങള്‍ പൂട്ടിയിടുകയാകും ഉടമകള്‍ ചെയ്യുക. അതോടെ ഉള്ളതൊഴില്‍ കൂടി ഇല്ലാതാകും. അതിനാല്‍ കേന്ദ്ര നയങ്ങള്‍ മാറ്റാനാണ് സമരം ചെയ്യേണ്ടത് എന്ന് പഠിപ്പിക്കുന്നതാണ് എളുപ്പം. ആ സമരത്തിനൊപ്പം ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തു കൂടേ എന്നാണ് “ഞങ്ങള്‍ ഇപ്പോഴും അടിമകളാണ്” എന്ന് മൂന്നാറിലെ തെരുവുകളില്‍ ഒത്തുകൂടി തുറന്നുപറഞ്ഞവര്‍ ആവശ്യപ്പെട്ടത്. അത് രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ എന്നതാണ് ചോദ്യം. മനസ്സിലാക്കുന്നുവെങ്കില്‍ ഇവര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി ആദ്യം തുടങ്ങണം. അതിന് ആസിയാന്‍ കരാറോ കമ്പനികളുടെ വരുമാനത്തിലുണ്ടായ കുറവോ തടസ്സമല്ലല്ലോ?
ഇല്ലെങ്കില്‍ ഇന്ന് ബോണസ്സ് – കൂലി വര്‍ധനയാവശ്യപ്പെട്ട് സമരത്തിനിറങ്ങിയവര്‍, നാളെ കൂടുതല്‍ രൂക്ഷമായി രംഗത്തുവരും. അത് മൂന്നാറില്‍ മാത്രമായി ഒതുങ്ങുകയുമില്ല. “നേതാക്കളെ ഞങ്ങള്‍ക്ക് വേണ്ട” എന്ന് പരസ്യമായി പ്രഖ്യാപിച്ച് പാര്‍ട്ടി ഓഫീസുകള്‍ ഉപരോധിക്കാനോ ആക്രമിക്കാനോ തയ്യാറായ സ്ത്രീകള്‍ പാര്‍ട്ടി ഓഫീസുകളും സ്വത്തുക്കളും കൈയേറും. ക്രമസമാധാനം തകര്‍ത്തുവെന്നോ നിയമം കൈയിലെടുത്തുവെന്നോ ഒക്കെ അന്ന് വിലപിക്കുന്നതില്‍ അര്‍ഥമുണ്ടാകില്ല. മൂന്നാറിലെ തേയിലത്തോട്ടങ്ങളെ തകര്‍ക്കാനുള്ള തേയില ഇറക്കുമതിലോബിയുടെ (നേതൃത്വം തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാവിന്) നീക്കമെന്നും തമിഴ് വംശജരെ യോജിപ്പിച്ച് മൂന്നാര്‍ മുതലുള്ള പ്രദേശങ്ങളെ തമിഴ്‌നാട്ടിലേക്ക് ലയിപ്പിക്കാനുള്ള ഗൂഢനീക്കമെന്നും സിദ്ധാന്തമുണ്ടാക്കുന്നതിലും കഴമ്പുണ്ടാകില്ല. അടിമയല്ലാതെ ജീവിക്കാനുള്ള അവകാശത്തിന് അതിരുകൊണ്ട് വരമ്പിടാനാകില്ലല്ലോ!

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest