Connect with us

National

കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 17 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

Published

|

Last Updated

ഫിറോസാബാദ്: ഇടുങ്ങിയ കുഴല്‍ക്കിണറില്‍ വീണ നാല് വയസ്സുകാരനെ 17 മണിക്കൂറുകള്‍ക്കൊടുവില്‍ സുരക്ഷിതനായി പുറത്തെത്തിച്ചു. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍പ്പെട്ട ഖമര്‍പൂരിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ ബ്രജേഷ് എന്നയാളുടെ മകന്‍ കിഷന്‍ പാല്‍ വീണത്. മറ്റ് കുട്ടികളുമൊത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഈ സമയം, പുതിയ താലൂക്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ എം എല്‍ എയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പോലീസ് മേധാവികളും പ്രദേശത്തുതന്നെയുണ്ടായത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമായി.
അരമണിക്കൂറിനുള്ളില്‍ സംഭവ സ്ഥലത്തെത്തിയ ജെ സി ബി ഉപയോഗിച്ച് കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്തു. നാല് ജെ സി ബികളും ഒരു പൊകാലാന്‍ഡ് മെഷീനും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. പതിനഞ്ചോളം മണിക്കൂറെടുത്താണ് കുഴല്‍ക്കിണറിന് സമാന്തരമായി 60 അടി താഴ്ചയുള്ള കുഴിയുണ്ടാക്കിയത്. ഈ കുഴിയില്‍ നിന്ന് കുഴല്‍ക്കിണറിലേക്ക് ദ്വാരമുണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടിക്ക് ശ്വാസതടസ്സമുണ്ടാകാതിരിക്കാന്‍ വൈദ്യസംഘം കുഴല്‍ വഴി ഓക്‌സിജന്‍ എത്തിക്കുകയും ചെയ്തിരുന്നു. ഹരി ഓം യാദവ് എം എല്‍ എ, ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കിരണ്‍ ആനന്ദ്, ഫിറോസാബാദ് എസ് എസ് പി പീയൂഷ് ശ്രീവാസ്തവ തുടങ്ങിയവര്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തന്റെ മകനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ജില്ലാ ഭരണകൂടത്തെ മാതാവ് പ്രശംസിച്ചു.

Latest