പുനഃസംഘടന വഴിമുട്ടി; ഹൈക്കമാന്‍ഡ് ഇടപെടും

Posted on: September 13, 2015 2:54 am | Last updated: September 12, 2015 at 11:56 pm

kpccതിരുവനന്തപുരം: എ, ഐ ഗ്രൂപ്പുകളും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ഇരു ധ്രുവങ്ങളിലായതോടെ കോണ്‍ഗ്രസിലെ പുനഃസംഘടനാ പ്രക്രിയ വഴിമുട്ടി. ഡി സി സി തലങ്ങളിലേക്കുള്ള ഭാരവാഹി പട്ടിക നല്‍കേണ്ടെന്ന നിലപാടില്‍ ഇരു ഗ്രൂപ്പുകളും ഉറച്ചു നില്‍ക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കുള്ളില്‍ പുതിയ പോര്‍മുഖം തുറന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഇടപെട്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല. അതേസമയം, പുനഃസംഘടനയില്‍ ഗ്രൂപ്പ് അതിപ്രസരം പാടില്ലെന്ന നിലപാട് സ്വീകരിച്ചതാണ് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും പ്രകോപിപ്പിച്ചതെന്നാണ് വി എം സുധീരന്റെ വാദം.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. എ ഐ സി സി സെക്രട്ടറി ദീപക് ബാബ്രിയയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിശാല കെ പി സി സി നിര്‍വാഹക സമിതിയാണ് ഡി സി സി തലംവരെയുള്ള പുനഃസംഘടന എത്രയും വേഗം തീര്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ യോഗത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുനഃസംഘടനാ പ്രക്രിയ നിര്‍ത്തിവെക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തള്ളുകയായിരുന്നു. തുടര്‍ന്നാണ് പുനഃസംഘടിപ്പിക്കാന്‍ പേര് നിര്‍ദേശിച്ചു കൊണ്ടുള്ള പട്ടിക കൈമാറേണ്ടെന്ന് ഇരു ഗ്രൂപ്പുകളും തീരുമാനിച്ചത്.
കെ പി സി സി നിര്‍വാഹക സമിതി യോഗ തീരുമാനം അനുസരിച്ച് പുനഃസംഘടനാ പ്രക്രിയ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റുമാര്‍ക്ക് വി എം സുധീരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭാരവാഹി പട്ടിക എത്രയും വേഗം നല്‍കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഗ്രൂപ്പ് തീരുമാനം ഉള്ളതിനാല്‍ ഇതിന് ആരും സന്നദ്ധമായിട്ടില്ല. പുനഃസംഘടനയില്‍ സുധീരന്‍ സ്വന്തം നോമിനികളെ തിരുകികയറ്റാന്‍ നടത്തുന്ന ശ്രമങ്ങളും ഇരു ഗ്രൂപ്പുകളുടെയും നിസ്സഹകരണത്തിന് പിന്നിലുണ്ടെന്നും സൂചനയുണ്ട്. വയനാട് ഡി സി സി പുനഃസംഘടിപ്പിച്ചപ്പോള്‍ ജില്ലയില്‍ നിന്ന് വന്ന പട്ടികക്ക് പുറമെ ആറ് പേരെ സുധീരന്‍ ഉള്‍പ്പെടുത്തിയിരുന്നു. മറ്റു ജില്ലകളില്‍ ഈ നിലവരുമെന്ന ആശങ്ക ഇരു ഗ്രൂപ്പുകള്‍ക്കുമുണ്ട്. അതിനാല്‍ ഇക്കാര്യത്തിലൊരു തീരുമാനം ഉണ്ടായ ശേഷം മതി ഇനിയുള്ള ഡി സി സികളുടെ പുനഃസംഘടനയെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പക്ഷം. പട്ടിക കൈമാറുന്നതിന് തടസ്സം ഗ്രൂപ്പ് തീരുമാനമാണെന്ന് പറയുന്നില്ലെങ്കിലും സുധീരന്‍ കടുംപിടുത്തം തുടര്‍ന്നാല്‍ ശക്തമായ തീരുമാനമെടുക്കാന്‍ തന്നെയാണ് ഇരു ഗ്രൂപ്പുകളുടെയും തീരുമാനം. കെ പി സി സി പ്രസിഡന്റില്‍ നിന്ന് കര്‍ശന നിര്‍ദേശം വന്നാല്‍ അത് പാലിക്കാന്‍ ഡി സി സി പ്രസിഡന്റുമാര്‍ നിര്‍ബന്ധിതമാകും.
അല്ലെങ്കില്‍ അച്ചടക്ക നടപടിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഈ സാഹചര്യമാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍ പ്രിതീക്ഷിക്കുന്നത്. മുതിര്‍ന്ന നേതാവ് എ കെ ആന്റണി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടില്ല. ആന്റണിയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ ഒരുമിച്ച് ഇരുന്നാല്‍ തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അതേസമയം, തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്കാണ് കാര്യമായ റോള്‍ ഉള്ളത്. അവിടെങ്ങളില്‍ പുനഃസംഘടന നടന്നതിനാല്‍ ഡി സി സി പുനഃസംഘടനക്ക് വലിയ പ്രസക്തിയില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശും ആന്റണിയെ അറിയിച്ചിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് എന്തായാലും മാറുന്നുമില്ല. തിരഞ്ഞെടുപ്പിന് ശേഷം പുനഃസംഘടന നടത്തിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്ന ഡി സി സി ഭാരവാഹികളെ മാറ്റി പുതിയ ടീമിനെ കൊണ്ടുവരുന്നത് എളുപ്പമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.