ഹൂബറ പക്ഷികളുടെ സംരക്ഷണത്തിന് യു എ ഇ

Posted on: September 12, 2015 6:14 pm | Last updated: September 12, 2015 at 6:14 pm

houbara.jpg.image.784.410അബുദാബി: ഹൂബറ പക്ഷികളുടെ സംരക്ഷണ കേന്ദ്രമായി യുഎഇ മാറി. സുരക്ഷിതമായി മുട്ടയിടാനും കുഞ്ഞുങ്ങളുമായി മടങ്ങാനും വിപുലമായ ക്രമീകരണങ്ങളാണു രാജ്യത്തു നടത്തുന്നത്. ഓരോവര്‍ഷവും കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഈ വര്‍ഷം 48,213 കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയതായി ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ ഹൂബറ കണ്‍സര്‍വേഷന്‍ (ഐ എഫ് എച്ച് സി) വ്യക്തമാക്കി. ഈ പക്ഷികളുടെ സംരക്ഷണത്തിനായി വിവിധ രാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്.
കഴിഞ്ഞവര്‍ഷം 46,000 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഏഷ്യന്‍, ഉത്തരാഫ്രിക്കന്‍ ഹൂബറ ഇനങ്ങളുടെ സംരക്ഷണത്തിനായി ഐ എഫ് എച്ച് സി വിപുലമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. യു എ ഇക്കു പുറമേ മൊറോക്കോ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇവയുടെ സംരക്ഷണത്തിനു മുന്‍കൈയെടുക്കുന്നു. യുഎഇ നടപ്പാക്കിവരുന്ന പദ്ധതികള്‍ വലിയമാറ്റത്തിനു വഴിയൊരുക്കിയതായി ഐഎഫ്എച്ച്‌സി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാലിഹ് അല്‍ ബയ്ദാനി പറഞ്ഞു. 1996ല്‍ ആണ് സംരക്ഷണ പദ്ധതികള്‍ക്കു തുടക്കമിട്ടത്. ഏഷ്യന്‍ ഹൂബറയെയും ഉത്തരാഫ്രിക്കന്‍ ഹൂബറയെയും വിരിയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 25,588 ഏഷ്യന്‍ ഹൂബറയെയും 20,426 ഉത്തരാഫ്രിക്കന്‍ ഹൂബറെയും വിരിയിച്ചു. ആഫ്രിക്കന്‍ ഇനത്തിന് വലുപ്പക്കൂടുതലുണ്ട്. ഐഎഫ്എച്ച്‌സിയുടെ കീഴില്‍ ലോകത്തു നാലു കേന്ദ്രങ്ങളാണുള്ളത്. 65 സെന്റീമീറ്റര്‍ വരെ നീളമുള്ള പക്ഷിയാണിത്. മുകള്‍ഭാഗം ഇരുണ്ടതും താഴെ വെളുത്തതുമാണ്. ചിറകിന് 170 സെന്റീമീറ്റര്‍ നീളമുണ്ട്. ആഫ്രിക്കന്‍ ഇനങ്ങള്‍ക്ക് അല്‍പം വലുപ്പക്കൂടുതലുണ്ട്. കാഴ്ചയില്‍ വലുപ്പമുണ്ടെന്നതൊഴികെ ആണ്‍പക്ഷികള്‍ക്കു പെണ്‍പക്ഷികളില്‍നിന്നു പ്രകടമായ വ്യത്യാസമില്ല.