കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം: മേയര്‍ പ്രൊഫ. എ കെ പ്രേമജം

Posted on: September 12, 2015 11:33 am | Last updated: September 12, 2015 at 11:33 am

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം. വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അധികാര സ്ഥാനത്തുള്ളവര്‍ കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മേയര്‍ പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സും മലബാര്‍ ഡവലപ്‌മെന്റ് ഫോറവും സംയുക്തമായി നടത്തിവരുന്ന അനിശ്ചിതകലാ സത്യഗ്രഹ സമരത്തില്‍ സമരക്കാരെ അഭിവാദ്യം ചെയ്യുകയായിരുന്നു മേയര്‍.
തിരുവനന്തപുരം, നെടുമ്പാശ്ശേരി, വിമാനത്താവളങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം കോഴിക്കോടിനും നല്‍കാന്‍ അധികൃതര്‍ തയ്യാറകണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. നാലാം ദിവസത്തെ സമര പരിപാടി ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി പി ഗവാസ്, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് കെ ലോഹ്യ എന്നിവര്‍ സത്യഗ്രഹികള്‍ക്ക് ദീപശിഖ കൈമാറി. പി ഗംഗാധരന്‍ അധ്യക്ഷനായിരുന്നു.