പൊതുജനങ്ങളെ വലച്ച് ഡോക്ടര്‍മാരുടെ സമരം

Posted on: September 12, 2015 11:32 am | Last updated: September 12, 2015 at 11:32 am

കോഴിക്കോട്: പൊതുജനങ്ങളെ വലച്ച് ഡോക്ടര്‍മാരുടെ സമരം. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷ (കെ ജി എം ഒ എ) ന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ ഇന്നലെ നടത്തിയ സമരമാണ് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചത്. സമരത്തെക്കുറിച്ച് അറിയാതെ വിവിധ രോഗങ്ങളുമായി ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ഇല്ലെന്ന സന്ദേശമാണ് ലഭിച്ചത്. കാര്യമായ ചികിത്സാ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ മേഖലകളിലാണ് സമരം ഏറെ ബാധിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. എന്നാല്‍ ഇതും അപൂര്‍ണമായിരുന്നു. ജില്ലയില്‍ 92 ശതമാനം ഡോക്ടര്‍മാര്‍ പണിമുടക്കി. 352 ഗവ. ആശുപത്രി ഡോക്ടര്‍മാരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്.
നഗരത്തിലെ ബീച്ച് ആശുപത്രിയിലും കോട്ടപ്പറമ്പ് ആശുപത്രിയിലുമാണ് സമരം കാര്യമായി ബാധിച്ചത്. ഡോക്ടര്‍മാരുടെ കൂട്ട അവധി കാരണം അത്യാഹിത വിഭാഗത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പകര്‍ച്ചപ്പനി അടക്കമുള്ള രോഗ ങ്ങളുമായെത്തിയ രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം കാര്യമായി ബാധിച്ചില്ല. ജില്ലയുടെ വിവിധ പി എച്ച് സി, സി എച്ച് സികളിലും താലൂക്ക് ആശുപത്രികളിലും എത്തിയ രോഗികള്‍ പണിമുടക്കിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ ജി എം ഒ എയുടെ സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റ് പരിസരത്ത് നടത്തുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലും ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തത്. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് 12 മണിവരെയായിരുന്നു സമരം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തെ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ഉള്ള ഡോക്ടര്‍മാര്‍ കൂടി പണി മുടക്കിയതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയാകുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് കാരണം ഒരു ഹെല്‍ത്ത് ഓഫീസര്‍ക്ക് പല ആശുപത്രികളിലായി ഒരേ ദിവസം ജോലി ചെയ്യേണ്ട സ്ഥിതിയുണ്ട്.
1965 ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് ഇപ്പോഴും ഡോക്ടര്‍മാരെ നിയമിക്കുന്നത്. തൊഴില്‍ സാഹചര്യം മോശമായതിനാല്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതിയ ഡോക്ടര്‍മാര്‍ കടന്നുവരാനും മടിക്കുന്നു. ഏതാനു വര്‍ഷമായി ദേശിയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ ആര്‍ എച്ച് എം) മുഖേന ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കാറുണ്ട്. റിട്ടയര്‍ ചെയ്തവരെയും ഇങ്ങനെ നിയമിക്കാറുണ്ട്. എന്നിട്ടും ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളിലും രോഗികളുടെ എണത്തിനനുസരിച്ച് ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിനിടെയാണ് ദുരിതമേറ്റി പണിമുടക്ക് അടക്കമുള്ള സംഭവങ്ങള്‍ നടക്കുന്നത്.