Connect with us

Gulf

മക്ക ദുരന്തം: മരണം 107 ആയി; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

Published

|

Last Updated

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 107 ആയി. ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും മരിച്ചവരില്‍പ്പെടും. 19 ഇന്ത്യക്കാരുള്‍പ്പെടെ 238 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ സ്വദേശി മുഅ്മിനയാണ് മരിച്ച മലയാളി. ഐ ടി എല്‍ ഗ്രൂപ്പ് വഴിയാണ് മുഅ്മിന ഹജ്ജ് ചെയ്യാനെത്തിയത്. മുഅ്മിനയുടെ ഭര്‍ത്താവ് ഇസ്മാഈല്‍ സുരക്ഷിതനാണ്. പശ്ചിമ ബംഗാള്‍ സ്വദേശി മുനീസ അഹ്മദ് ആണ് മരിച്ച രണ്ടാമത്തെയാള്‍.
പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പരുക്കേറ്റ ഇന്ത്യക്കാരില്‍ നാല് പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും ശേഷിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയും എത്തിയവരാണ്. ഇവരുടെ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ക്ക് സഊദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. നിര്‍മാണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന ക്രെയിന്‍ തകര്‍ന്നുവീഴുകയായിരുന്നു. സഫ മര്‍വക്ക് സമീപം ഹസ്സ ഭാഗത്ത് സ്ഥാപിച്ച ക്രെയിനാണ് മൂന്നാം നിലക്ക് മുകളിലൂടെ മതാഫിലേക്ക് വീണത്. ഹറം പള്ളിയിലെ തിരക്ക് കുറഞ്ഞ പ്രദക്ഷിണ ഭാഗത്ത്, താത്കാലിക മതാഫിന്റെ (പ്രദക്ഷിണ വഴി) ഭാഗം കഴിഞ്ഞ് പുതിയ മതാഫിന്റെ ചവിട്ടുപടിയോടു ചേര്‍ന്നുള്ള ഭാഗത്തേക്കാണ് ക്രെയിന്‍ പതിച്ചത്. കഅ്ബയോട് അടുത്തുള്ള ഭാഗത്തുനിന്നു മാറി പ്രാര്‍ഥനക്ക് ഇരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ തീര്‍ഥാടകര്‍ താരതമ്യേന കുറവായിരുന്നു. വെള്ളിയാഴ്ചയായതിനാല്‍ അപകട സമയത്ത് ഹറമില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മഗ്‌രിബ് നിസ്‌കാരത്തിന് തീര്‍ഥാടകര്‍ ഒരുമിച്ച് കൂടുന്ന സമയം കൂടിയായതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയേറിയത്.
പരുക്കേറ്റവരെ മുപ്പത്തിയഞ്ചിലേറെ ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിച്ചതെന്ന് സഊദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഏതൊക്കെ രാജൃത്തു നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിവായിട്ടില്ല. എന്നാല്‍, ഭൂരിഭാഗവും തുര്‍ക്കി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പറയപ്പെടുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രെയിനുകളില്‍പ്പെട്ടവയാണ് തകര്‍ന്നുവീണത്. ക്രെയിന്‍ തകര്‍ന്ന് വീഴാന്‍ കാരണം ശക്തമായ കാറ്റാണെന്ന് ആഭ്യന്തര പ്രതിരോധ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ അംറോ പറഞ്ഞു. കൊടുങ്കാറ്റിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അപകടത്തിന് കാരണം സാങ്കേതിക പിഴവുകളെല്ലെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്ത സഊദി ബിന്‍ലാദന്‍ ഗ്രൂപ്പിലെ എന്‍ജിനീയര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട്.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു. മക്കയുടെ വിവിധ പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ ഇന്ത്യക്കാരുണ്ടോ എന്നു പരിശോധിച്ചുവരികയാണ്. പ്രദേശത്തേക്കു കൂടുതല്‍ ഉദ്യോഗസ്ഥരെയും വളണ്ടിയര്‍മാരെയും അയച്ചതായി അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ നിന്നുള്ളവരടക്കം പകുതിയിലേറെ ഇന്ത്യന്‍ ഹാജിമാരും മക്കയിലത്തെിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ മലയാളി ഹാജിമാരെല്ലാം ഇപ്പോള്‍ മക്കയിലാണ്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയവര്‍ മദീനയിലാണ്.

makkah2

---- facebook comment plugin here -----

Latest