Connect with us

National

ബെംഗളൂരു മേയര്‍ സ്ഥാനം കോണ്‍ഗ്രസിന്

Published

|

Last Updated

തിരുവനന്തപുരം: ബെംഗളൂരു കോര്‍പറേഷന്‍ മേയര്‍ സ്ഥാനം കോണ്‍ഗ്രസിന്. തിരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്കുലറിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസിലെ ബി എന്‍ മഞ്ജുനാഥ് റെഡ്ഢി മേയറായത്. ബൃഹത് ബെംഗളൂരു മഹാനഗരപാലിക (ബി ബി എം പി) തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിയുടെ ബി മഞ്ജുനാഥ് രാജുവിനെ മൂന്ന് വോട്ടിന് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന് മേയര്‍ സ്ഥാനം ലഭിച്ചത്. ജെ ഡി എസിലെ എസ് പി ഹേമലതയാണ് ഡെപ്യൂട്ടി മേയര്‍. ഇതാദ്യമായാണ് ജെ ഡി എസിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കുന്നത്.
ബി ബി എം പിയിലെ 198 വാര്‍ഡുകളില്‍ നൂറ് വാര്‍ഡുകളിലാണ് ബി ജെ പി ജയിച്ചത്. കോണ്‍ഗ്രസിന് 76ഉം ജെ ഡി എസിന് 14ഉം സീറ്റുകളാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് എട്ട് സീറ്റുകള്‍ ലഭിച്ചു. ബെംഗളൂരു മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള എം എല്‍ എമാര്‍ക്കും പാര്‍ലിമെന്റംഗങ്ങള്‍ക്കുമെല്ലാം വോട്ടുണ്ട്. ഇവര്‍ കൂടി ചേരുമ്പോള്‍ ആകെ അംഗങ്ങളുടെ എണ്ണം 260 ആകും. മേയര്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാരല്ലാത്തവര്‍ക്കും വോട്ടവകാശം നല്‍കുന്ന കര്‍ണാടക മുനിസിപ്പല്‍ നിയമത്തിലെ പത്താം വകുപ്പ് ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയെ നേരത്തെ ബി ജെ പി സമീപിച്ചിരുന്നു.
മേയറായി തിരഞ്ഞെടുക്കപ്പെട്ട മഞ്ജുനാഥ് റെഡ്ഢിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദിച്ചു.

Latest