എന്‍ പി മൊയ്തീന്‍ അന്തരിച്ചു

Posted on: September 11, 2015 3:38 pm | Last updated: September 11, 2015 at 11:43 pm

001കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയും കെ പി സി സി നിര്‍വാഹക സമിതി അംഗവുമായ എന്‍ പി മൊയ്തീന്‍ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാങ്കാവിലെ വസതിയില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സ്വാതന്ത്ര്യസമര സേനാനി എന്‍ പി അബുവിന്റെയും ഇമ്പിച്ചിപാത്തുവിന്റെയും മകനായി 1940 ജൂലൈ 29ല്‍ ജനിച്ച എന്‍ പി മൊയ്തീന്‍, പ്രശസ്ത സാഹിത്യകാരന്‍ എന്‍ പി മുഹമ്മദിന്റെ ഇളയ സഹോദരനാണ്. ഇന്ന് ഉച്ചക്ക് 12.30ന് പരപ്പില്‍ ശാദുലി ജുമുഅ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം കണ്ണംപറമ്പ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
കെ എസ് യു സ്ഥാപക സമ്മേളനത്തിലെ പ്രതിനിധികളില്‍ ഒരാളായിരുന്നു. ഉമ്മന്‍ ചാണ്ടി കെ എസ് യു പ്രസിഡന്റായിരുന്നപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിമോചന സമരകാലത്ത് മലബാറിലെ സമരസമിതി കണ്‍വീനറായിരുന്നു. 1975- 77 കാലഘട്ടത്തില്‍ എ കെ ആന്റണി കെ പി സി സി പ്രസിഡന്റായപ്പോള്‍ മൂന്ന് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. 1977 മുതല്‍ 88 വരെ തുടര്‍ച്ചയായി 11 വര്‍ഷം ഡി സി സി പ്രസിഡന്റായി. 77ല്‍ സി പി എം നേതാവ് ചാത്തുണ്ണി മാസ്റ്ററെ തോല്‍പ്പിച്ച് ബേപ്പൂരില്‍ നിന്ന് നിയമസഭയിലെത്തി. തുടര്‍ന്ന് 1980ല്‍ എല്‍ ഡി എഫിനൊപ്പം നിന്ന് ബേപ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 96 വരെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഖാദി ബോര്‍ഡ് അംഗം, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, ആര്‍ ടി എ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: ഖദീജ. മക്കള്‍: എന്‍ പി സക്കറിയ, എന്‍ പി അബ്ദുല്‍ ഗഫൂര്‍, എന്‍ പി സാദത്ത്, എന്‍ പി സനില്‍. മരുമക്കള്‍: എന്‍ വി പി ഹഫ്‌സ, കെ തഹ്മീന, ഫെമിത, ഷബ്‌ന. സഹോദരങ്ങള്‍: എന്‍ പി മുഹമ്മദ്, എന്‍ പി ആഇശാബി, എന്‍ പി സെയ്‌ന, എന്‍ പി അബ്ദുര്‍റഹ്മാന്‍, എന്‍ പി സലീം.