Connect with us

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: നവംബര്‍ രണ്ടാം വാരം തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോയെന്നതിന്റെ സാധ്യതകള്‍ തേടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി. പുനഃസംഘടിപ്പിക്കുന്ന ബ്ലോക്കുകള്‍ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഈ മാസം 14ന് പുറപ്പെടുവിക്കും. പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലെയും കണ്ണൂര്‍ കോര്‍പറേഷനിലെയും പുനരേകീകരിച്ച കൊല്ലം കോര്‍പറേഷനിലെയും പോളിംഗ് സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള കരട് വോട്ടര്‍ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കുന്നതിന് അവസരം നല്‍കിക്കൊണ്ടുള്ള നിര്‍ദേശം അടുത്തയാഴ്ച കമ്മീഷന്‍ പുറപ്പെടുവിക്കും.
പുതിയ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിനും കുറഞ്ഞത് ഒരു പോളിംഗ് സ്റ്റേഷനെങ്കിലും നിശ്ചയിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ പരമാവധി 1,100ഉം മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ 1,500ഉം വോട്ടര്‍മാര്‍ക്ക് ഒരു പോളിംഗ് സ്റ്റേഷന്‍ എന്ന ക്രമത്തില്‍ വേണം ക്രമീകരിക്കേണ്ടത്. വോട്ടര്‍മാരുടെ സൗകര്യം പരിഗണിച്ച് വേണം പോളിംഗ് സ്റ്റേഷന്‍ നിശ്ചയിക്കേണ്ടത്.
സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ ലഭ്യമാണെങ്കില്‍ അവക്ക് മുന്‍ഗണന നല്‍കണം. സ്ഥല സൗകര്യം, വൈദ്യുതി, കുടിവെള്ളം, ശൗചാലയം, യാത്രാ സൗകര്യം എന്നിവ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിട നമ്പറുകളുടെ അടിസ്ഥാനത്തില്‍ പോളിംഗ് പ്രദേശം കൂടി ജില്ലാ കലക്ടര്‍മാര്‍ നിശ്ചയിക്കണം.
പുതുതായി രൂപവത്കരിക്കപ്പെട്ട 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും പുനഃസംഘടിപ്പിക്കപ്പെട്ട മറ്റു തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പുതിയതോ പുനഃസംഘടിപ്പിക്കപ്പെട്ടതോ ആയ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡ് വിഭജന പ്രകാരം പോളിംഗ് സ്റ്റേഷനുകള്‍ നിശ്ചയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുക.

---- facebook comment plugin here -----