സഊദിയില്‍ അടുത്ത വര്‍ഷം മുതല്‍ പത്ത് ആഴ്ചത്തെ പ്രസവാവധി

Posted on: September 10, 2015 6:45 pm | Last updated: September 10, 2015 at 6:45 pm

saudi labour ministry
ജിദ്ദ: സഊദി അറേബ്യയില്‍ തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. സഊദിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ ശമ്പളത്തോട് കൂടി പത്ത് ആഴ്ചത്തെ് പ്രസവാവധി നല്‍കുന്നതാണ് പരിഷ്‌കാരങ്ങളില്‍ ഒന്ന്. പ്രതീക്ഷിക്കപ്പെടുന്ന പ്രസവ തീയതിക്ക് നാല് ആഴ്ച മുമ്പ് ലീവ് ലഭ്യമാകും. ഇതിനായി അംഗീകൃത ഡോക്ടറുടെ സര്‍ട്ടീഫിക്കറ്റ് ഹാജരാക്കണം. പത്ത് ആഴ്ചത്തെ പ്രസവാവധിക്ക് ശേഷം അത്യാവശ്യമെങ്കില്‍ ഒരു മാസത്തേക്ക് കൂടി ശമ്പളത്തോടെയുള്ള ലീവും മറ്റൊരു മാസത്തേക്ക് ശമ്പളം ഇല്ലാതെയുള്ള ലീവും അനുവദിക്കും.

ഭര്‍ത്താവ് മരിച്ച അമുസ്‌ലിം സ്ത്രീകള്‍ക്ക് 15 ദിവസത്തെ ശമ്പളത്തോട് കൂടി ലീവ് ലഭിക്കും. ഈ കാലയളവില്‍ മറ്റൊരു തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. ഭാര്യ പ്രസവിച്ചാല്‍ ഭര്‍ത്താവിന് മൂന്ന് ദിവസത്തെ അവധി എടുക്കാം. ഭാര്യയോ ബന്ധുക്കളോ മരിച്ചാലോ വിവാഹ ആവശ്യത്തിനോ അഞ്ച് ദിവസം വരെ ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും.

തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം സഊദി റിയാല്‍ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.