86 വിദ്യാലയങ്ങള്‍ നിലവാരം മെച്ചപ്പെടുത്തി

Posted on: September 10, 2015 6:18 pm | Last updated: September 10, 2015 at 6:18 pm

schoolഅബുദാബി: 86 വിദ്യാലയങ്ങള്‍ നിലവാരം മെച്ചപ്പെടുത്തിയതായി അബുദാബി എജ്യുക്കേഷണല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് അല്‍ ദാഹിരി അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായി 124 വിദ്യാലയങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. 25 വിദ്യാലയങ്ങള്‍ നിലവാരം മെച്ചപ്പെടുത്തിയില്ല. 13 എണ്ണം പിന്നാക്കം പോയി. ഒരു ഘട്ടത്തില്‍ നിന്ന് മൂന്നാമത്തെ ഘട്ടത്തിലേക്കെത്തുമ്പോള്‍ 2009 മുതല്‍ 2015 വരെ പൊതുവെ വിദ്യാലയങ്ങള്‍ നിലവാരം വര്‍ധിപ്പിച്ചതായാണ് കാണിക്കുന്നത്. ആറ് മാസത്തിലൊരിക്കല്‍ ഇനി മുതല്‍ പരിശോധനയുണ്ടാകും. വിദ്യാര്‍ഥികളുടെ നേട്ടം, സാമൂഹിക പുരോഗതി, നവീകരണം പാഠ്യപദ്ധതി തുടങ്ങിയവയാണ് കണക്കിലെടുക്കുന്നതെന്നും ഹമദ് അല്‍ ദാഹിരി അറിയിച്ചു.
യു എ ഇയിലെ വിദ്യാലയങ്ങളെ ഏകീകരിക്കുമെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അമല്‍ അല്‍ ഖുബൈസി വ്യക്തമാക്കി. വിദ്യാഭ്യാസ മന്താലയം അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) തുടങ്ങിയ സ്ഥാപനങ്ങളെ യോജിപ്പിച്ചുകൊണ്ടാണ് ഏകീകരണം നടപ്പാക്കുക. വിദ്യാലയങ്ങളുടെ നിലവാരം പരിശോധിക്കുന്ന മേഖലയിലാണ് ഇത് ആദ്യം നടപ്പാക്കുക. വിദ്യാലയങ്ങളുടെ നവീകരണം അനിവാര്യമാണ്. ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടെ സൗകര്യത്തിന് എന്തൊക്കെ ചെയ്തുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സ്വയം നിര്‍ണയ സമിതികളും വിദ്യാലയത്തില്‍ ആവശ്യമുണ്ട്, ഡോ. അമല്‍ അല്‍ ഖുബൈസി വ്യക്തമാക്കി.