Connect with us

National

ഗോവയിലെ പാരാഗ്ലൈഡിംഗ് പരിശീലനം എ ടി എസ് അന്വേഷിക്കുന്നു

Published

|

Last Updated

പനാജി: രണ്ട് വര്‍ഷം മുമ്പ് കര്‍ണാടക സ്വദേശിയായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ ഗോവയില്‍ നടത്തിയ പാരാഗ്ലൈഡിംഗ് കോഴ്‌സിനെ കുറിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) അന്വേഷണം തുടങ്ങി. 2013ല്‍ ഗോവയില്‍ പാനാജിക്ക് സമീപമുള്ള അരാമ്പോള്‍ ബീച്ചില്‍ നടന്ന പാരാഗ്ലൈഡിംഗ് പരിശീലനത്തെ കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട കേസില്‍ സഈദ് അഫാഖ് എന്ന യുവാവ് ഈ വര്‍ഷം ആദ്യം കര്‍ണാടകയില്‍ അറസ്റ്റിലായിരുന്നു. ഇയാളാണ് ഗോവയില്‍ അഞ്ച് ദിവസത്തെ പാരാഗ്ലൈഡിം പരിശീലനം സംഘടിപ്പിച്ചതെന്ന് ഗോവ പോലീസിന്റെ എ ടി എസ് വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെയും ഗോവയിലെയും മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ദേശീയ സുരക്ഷാ ഏജന്‍സിക്കും ബെംഗളുരു പോലീസിനും കൈമാറുന്നുണ്ടെന്നും അന്വേഷണവൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം അഫാഖ് അറസ്റ്റിലാകുന്നത്. ഇയാള്‍ 2013ല്‍ അരാമ്പോള്‍ ബീച്ചിന് അഭിമുഖമായ കെറി പീഠഭൂമിയിലാണ് പാരാഗ്ലൈഡിംഗ് പരിശീലനം സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം പരിശീലനം വഴി ഇന്ത്യന്‍ മുജാഹിദീന്‍ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നെന്നും സംശയിക്കുന്നുണ്ട്. അഫാഖിനെയും ഇയാള്‍ അന്ന് താമസിച്ച ഗസ്റ്റ് ഹൗസ് ജീവനക്കാരെയും എ ടി എസ് ചോദ്യം ചെയ്തിട്ടുണ്ട്. ബെംഗളുരു പോലീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗോവന്‍ തീരങ്ങളില്‍ തങ്ങള്‍ നിരീക്ഷണം നടത്തിയിരുന്നെന്ന് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യു എസ് നിയമ നിര്‍വഹണ അതോറിറ്റി അറസ്റ്റ് ചെയ്ത ഡേവിഡ് ഹെഡ്‌ലിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ യാസിന്‍ ഭട്കലും നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പഴുതടച്ച അന്വേഷണത്തിന് തുടക്കമിട്ടിട്ടുള്ളത്. പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിലധികം വിദേശ സഞ്ചാരികള്‍ എത്താറുള്ള ഗോവയില്‍ നടന്ന പരാഗ്ലൈഡിംഗ് പരിശീലനം ഇക്കാരണത്താല്‍ത്തന്നെ അതീവ ഗൗരവമുള്ളതാണ്.