Connect with us

Kerala

അട്ടപ്പാടിയെ രക്ഷിക്കാന്‍ ഇനി കുടുംബശ്രീയുടെ കരസ്പര്‍ശം

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികളുടെ സമഗ്ര പുരോഗതിക്ക് കുടുംബശ്രീ ചുവടുവെപ്പ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദിവാസി മേഖലയില്‍ കുടുംബശ്രീ നടപ്പാക്കിയ വിവിധ പദ്ധതികള്‍ വലിയ വിജയം നേടിക്കഴിഞ്ഞു. അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം നിരവധി ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് അട്ടപ്പാടി സമഗ്ര ആദിവാസി പ്രാകൃത ഗോത്ര വര്‍ഗങ്ങളുടെ വികസന പരിപാടി എന്ന പേരില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആദിവാസികളുടെ ജീവിതത്തിന് സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി, മെച്ചപ്പെട്ട ജീവനോപാധികളും ജീവിത നിലവാരവും സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങളും ആദിവാസികള്‍ക്ക് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി. അസംഘടിതമായി കഴിഞ്ഞിരുന്ന അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തെ സാമൂഹികവും സാമ്പത്തികവുമായി ശാക്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളതായി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി വത്സലകുമാരി പറഞ്ഞു.
കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിന്റെ മാതൃകയില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലും ഊരുതലത്തില്‍ സമിതികളും പഞ്ചായത്ത് സമിതികളും രൂപവത്കരിച്ചു. 506 അയല്‍ക്കൂട്ടങ്ങളും ഇതിന്റെ ഭാഗമായി രൂപവത്കരിച്ചു. അയല്‍ക്കൂട്ടങ്ങളില്‍ 8637 പേരാണ് അംഗങ്ങളായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അയല്‍ക്കൂട്ടങ്ങളില്‍നിന്ന് 85.06 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായി. ഇതില്‍നിന്ന് ആന്തരിക വായ്പയായി 38.05 ലക്ഷം രൂപ വിവിധ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കി. 1.50 ലക്ഷം രൂപയാണ് ഇതുവരെയുള്ള തിരിച്ചടവ്.
സംയോജിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ, സാമൂഹിക നീതി, സാമൂഹിക സുരക്ഷാമിഷന്‍, പട്ടിക വര്‍ഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 178 കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ 6289 പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇതിന്റെ ചുമതലയും ആദിവാസി സ്ത്രീകള്‍ക്ക് തന്നെയാണ്. പദ്ധതി പ്രകാരം ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ദിവസം മൂന്ന് നേരവും കുട്ടികള്‍, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് ദിവസം ഒരു നേരവും ഭക്ഷണം നല്‍കുന്നുണ്ട്. പദ്ധതി നടപ്പക്കിയ ശേഷം അട്ടപ്പാടിയില്‍ ജനിക്കുന്ന കുട്ടികളുടെ ഭാരവും കൂടിയിട്ടുണ്ട്. നേരത്തെ 1.5 കിലോഗ്രാം ശരാശരി ഭാരമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശരാശരി ഭാരം 2.5 കിലോഗ്രാം വരെ എത്തിട്ടുണ്ട്.സാമൂഹിക ശാക്തീകരണത്തിന്റെ ഭാഗമായി എല്ലാ ഊരുകളിലും ദിനപത്രവും തൊഴില്‍വാര്‍ത്തയും ലഭ്യമാക്കിയിട്ടുണ്ട്.
സമൂഹത്തില്‍ നടക്കുന്ന വിവിധ സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ശൈശവ വിവാഹം, പോഷകാഹരക്കുറവ്, മദ്യപാനം എന്നിവക്കെതിരെ പ്രതികരിക്കുന്നതിനും ആദിവാസികള്‍ പ്രാപ്തരായിട്ടുണ്ട്. ആദിവാസി മേഖലയിലെ 70 ചെറുപ്പക്കാര്‍ക്ക് വെല്‍ഡിംഗ്, ഫിറ്റിംഗ്, നെയ്ത്ത് എന്നീ തൊഴിലുകളില്‍ വിദഗ്ധ പരിശീലനം നല്‍കുകയും 7000 മുതല്‍ 15,000 രൂപ വരെ പ്രതിമാസ വേതനം ലഭിക്കുന്ന ജോലികള്‍ ലഭ്യമാക്കുകയും ചെയ്തു.
കേന്ദ്ര കാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്ക് കൃഷിയില്‍ പരിശീലനം നല്‍കി. ചോളം, ചാമ, ബജ്‌റ, തിന, തുവര, വിവിധയിനം പച്ചക്കറികള്‍ എന്നിവ ആദിവാസികള്‍ കൃഷി ചെയ്യുന്നുണ്ട്. സ്വന്തം ആവശ്യത്തിന് പുറമെ വിപണനത്തിനുവേണ്ടിയും കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കര്‍ഷക കൂട്ടായ്മ എന്ന നിലയില ഉത്പാദക ഗ്രൂപ്പുകളും രൂപവത്കരിച്ചിട്ടുണ്ട്.

Latest