അനുമതിയില്ലാതെ പോലീസ് ക്യാമ്പസില്‍ കയറേണ്ടെന്ന് തീരുമാനം

Posted on: September 9, 2015 4:45 pm | Last updated: September 9, 2015 at 11:39 pm

Ramesh chennithala

തിരുവനന്തപുരം: കോളജുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ പിന്‍വലിച്ചു. നിയന്ത്രണ മാര്‍ഗ നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്ന കോളജുകളില്‍ പോലീസിന് അനുമതി നല്‍കണമെന്ന ശിപാര്‍ശയാണ് തിരുത്തിയിരിക്കുന്നത്.
കോളജുകളിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനായുള്ള അഭിപ്രായ രൂപവത്കരണത്തിന് സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ കര്‍ശനമായ ചില ശിപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നത്. ഇതില്‍ എതിര്‍പ്പുയര്‍ന്ന ചില നിര്‍ദേശങ്ങള്‍ ഒഴിവാക്കിയും മയപ്പെടുത്തിയുമാണ് വിദ്യാര്‍ഥികള്‍ സംഘടനകള്‍ക്ക് മുന്നില്‍ 17 നിദേശങ്ങള്‍ അവതരിപ്പിച്ചത്.
കോളജ് യൂനിയന്റെ ഓഫീസിലും ഹോസ്റ്റലുകളിലും പോലീസ് നടത്തുന്ന പരിശോധനയില്‍ ആയുധനങ്ങളോ മയക്കുമരുന്നോ കണ്ടെത്തിയാല്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശിപാര്‍ശ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കോളജുകളിലെ ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ നിര്‍ദേശങ്ങില്‍ മാറ്റം വരുത്തിയാണ് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ക്യാമ്പസുകളില്‍ പോലീസ് കയറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടാല്‍ പോലീസിന് മാറിനില്‍ക്കാനാവില്ല. തൊടുപുഴ ന്യൂമാന്‍ കോളജിലുണ്ടായത് ഇത്തരം സാഹചര്യമാണ്. പ്രൊഫഷനല്‍ കോളജുകളിലെ ഹോസ്റ്റലുകളിലെ അനധികൃത താമസക്കാരെ തടയാന്‍ ഒരു നയം രൂപവത്കരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സി ഇ ടിയിലെ വിദ്യാര്‍ഥിയുടെ മരണം പോലീസിനെ അറിയിക്കാന്‍ താമസമുണ്ടാക്കിയ അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ആഭ്യന്തര മന്ത്രി സംഘടനകളെ അറിയിച്ചു.
കോളജ് യൂനിയന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ ആറ് വരെയാക്കണം. ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ രണ്ടാഴ്ച മുമ്പ് പ്രിന്‍സിപ്പലിന്റെ അനുമതി വേണം. പ്രൊഫഷനല്‍ സംഘങ്ങളെ കൊണ്ടുവന്ന് ഡി ജെ പാര്‍ട്ടിയും സംഗീതപരിപാടികളും നടത്തരുത്. ആഘോഷ സമയത്ത് വാഹനങ്ങള്‍ കോളേജിനകത്ത് പ്രവേശിക്കാന്‍ പാടില്ല. ക്യാമ്പസുകളില്‍ വാഹനറാലിയും ആനയെ കയറ്റുന്നതും അനുവദിക്കില്ല. പോലീസിന്റെ പരിശോധനയില്‍ പരാതി ശരിയെന്ന തെളിഞ്ഞാല്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന ശിപാര്‍ശയും പിന്‍വലിച്ചിട്ടുണ്ട്.