കോണ്‍ഗ്രസിന്റെ പൊള്ളയായ വാഗ്ദാനം യാഥാര്‍ഥ്യമാക്കിയത് മോദി: സ്മൃതി ഇറാനി

Posted on: September 9, 2015 5:16 am | Last updated: September 9, 2015 at 12:17 am

smrithi iraniന്യൂഡല്‍ഹി: മോദിയെ വിമര്‍ശിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്തവനക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്.
സാമ്പത്തിക ഞെരുക്കം കാരണം ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് വിമുക്തഭടന്മാരോട് പറഞ്ഞവരാണ് പ്രധാനമന്ത്രിയുടെത് പൊള്ളയായ വാഗ്ദാനമെന്ന് കുറ്റപ്പെടുത്തുന്നത്. അവരുടെ പൊള്ളയായ വാഗ്ദാനമായ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി യാഥാര്‍ഥ്യമക്കിയത് നരേന്ദ്ര മോദിയാണ്. നാഗാ തീവ്രവാദികളുമായി അടുത്തിടെ ഉണ്ടാക്കിയ കരാര്‍ പൊള്ളയായ വാഗ്ദാനമായിരുന്നില്ല. പ്രധാനമന്ത്രിയെ സോണിയാ ഗാന്ധി വിമര്‍ശിക്കുന്നതില്‍ പരാതിയില്ല. എന്നൊക്കെ അവര്‍ വിമര്‍ശിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ജനങ്ങള്‍ മോദിയെ പിന്തുണച്ചിട്ടുണ്ട്- സ്മൃതി ഇറാനി പറഞ്ഞു. സോണിയാ ഗാന്ധിയെ ഒരു വര്‍ഷത്തേക്ക് കൂടി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിനെ അവര്‍ പരഹസിച്ചു.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഇരുപത് ദിവസം കൊണ്ട് തനിക്ക് കുറക്കാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ നിന്ന് മനസ്സിലാക്കാമല്ലോ, എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും ഇറാനി പരിഹസിച്ചു.