Connect with us

International

രാജ്യത്തിന്റെ സാമ്പത്തിക ശേഷി അഭയാര്‍ഥികള്‍ക്കായി ഉപയോഗപ്പെടുത്തും: ജര്‍മനി

Published

|

Last Updated

അഭയാര്‍ഥി രജിസ്‌ട്രേഷന്‍ നടപടികള്‍ സുതാര്യവും വേഗത്തിലും ആക്കണമെന്നാവശ്യപ്പെട്ട് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ പ്രതിഷേധിക്കുന്ന അഭയാര്‍ഥികള്‍

അഭയാര്‍ഥി രജിസ്‌ട്രേഷന്‍ നടപടികള്‍ സുതാര്യവും വേഗത്തിലും ആക്കണമെന്നാവശ്യപ്പെട്ട് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ പ്രതിഷേധിക്കുന്ന അഭയാര്‍ഥികള്‍

ബെര്‍ലിന്‍: അഭയാര്‍ഥി പ്രവാഹം റെക്കോര്‍ഡിലെത്തിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ശേഷി ഇവര്‍ക്കായി ഉപയോഗപ്പെടുത്തുമെന്ന് ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് സ്ചൂബിള്‍. ദക്ഷിണ നഗരമായ മ്യൂണിച്ചില്‍ കഴിഞ്ഞ ദിവസവും നൂറ്കണക്കിന് അഭയാര്‍ഥികളാണെത്തിയത്. നല്ല നികുതിവരുമാനമുള്ളത് കൊണ്ടും പലിശ നല്‍കേണ്ട കടബാധ്യതകള്‍ കുറവുമായതിനാലും നല്ല സാമ്പത്തിക ശേഷി കൈവരിക്കുവാന്‍ രാജ്യത്തിനായിട്ടുണ്ട്. സാമ്പത്തിക മായി അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒരുമിച്ച് നിന്ന് അഭയാര്‍ഥികളോട് സഹകരിക്കുകയും പ്രശ്‌നപരിഹാരത്തിനായി കൈകോര്‍ക്കുകയും ചെയ്യണമെന്ന് അടുത്ത വര്‍ഷത്തെ ബജറ്റുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ തുടങ്ങിയ ചര്‍ച്ചയില്‍ സ്ചൂബിള്‍ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുഴുവന്‍ പരിഗണനയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജര്‍മനി എട്ട് ലക്ഷം അഭയാര്‍ഥികളെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നഗരത്തിലെ പ്രധാന റെയില്‍വെ സ്റ്റേഷന്‍ വഴി 20,000 കുടിയേറ്റക്കാരാണ് എത്തിയിരിക്കുന്നതെന്ന് മ്യൂണിച്ച് പോലീസ് പറഞ്ഞു. ഈ തിങ്കളാഴ്ച 5,000 പേരും എത്തിയിട്ടുണ്ട്. പുതിയ പാര്‍പ്പിടങ്ങള്‍, കൂടുതല്‍ പോലീസ്, ഭാഷാ പരിശീലനം എന്നിവക്കായി ആറ് ബില്യന്‍ യൂറോ അനുവദിക്കുമെന്ന് ചാന്‍സിലര്‍ ആഞ്ജല മെര്‍ക്കല്‍ പറഞ്ഞിരുന്നു.

Latest