Connect with us

International

പ്രതിസന്ധി വര്‍ഷങ്ങള്‍ നീളുമെന്ന് ഇ യു പ്രസിഡന്റ്‌

Published

|

Last Updated

ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ നേരിടുന്ന അഭയാര്‍ഥി പ്രതിസന്ധി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ഇ യു പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. ബ്രസല്‍സില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇപ്പോള്‍ അഭയാര്‍ഥി പ്രവാഹം നടക്കുന്നത്. ഇത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കും. ഇത് ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രവണതയല്ല. മറിച്ച് ഇപ്പോഴത്തേത് പ്രതിസന്ധികളുടെ തുടക്കം മാത്രമാണ്. ഇതിനെ കുറിച്ച് ഒരു ധാരണയും നമുക്കില്ല. എന്തെങ്കിലും ചെറിയ നീക്കങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല ഈ വിഷയം. യൂറോപ്യന്‍ യൂനിയനിലെ എല്ലാ രാജ്യങ്ങളും ഈ പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഹംഗറി വലിയ പ്രതിസന്ധിയിലാണ്. പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ ഹംഗറി വഴിയാണ് ചില യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശം സാധ്യമാക്കുന്നത്. കഴിഞ്ഞ ദിവസം അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ആഗോള സമ്മര്‍ദത്തെ വകവെക്കാതെ അഭയാര്‍ഥികളുടെ നേര്‍ക്ക് കടുത്ത നിലപാട് തുടരുകയാണ് ഹംഗറി. തലസ്ഥാനമായ ബുഡാപെസ്റ്റ് ലക്ഷ്യമിട്ട് നീങ്ങുന്നവരെ സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഹംഗേറിയന്‍ പൊലീസ് തടയുകയാണ്. കുരുമുളക് സ്‌പ്രേ അടക്കമുള്ളവ ഉപയോഗിച്ചാണ് പൊലീസ് ഇവരെ നേരിടുന്നത്. ജര്‍മനിയെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ എത്തിച്ചേരുന്ന ഇടത്താവളമാണ് ഹംഗറി. ബുഡാപെസ്റ്റ് റെയില്‍വെ സ്‌റ്റേഷന്‍ വഴിയാണ് അഭയാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം 20,000 ലേറെ അഭയാര്‍ഥികള്‍ ആണ് ഹംഗറി വഴി ആസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും കടന്നത്.

 

Latest