യൂറോപ്യന്‍ രാജ്യങ്ങള്‍ രണ്ട് ലക്ഷം പേര്‍ക്ക് അഭയം നല്‍കണം: യു എന്‍

Posted on: September 9, 2015 5:08 am | Last updated: September 9, 2015 at 12:09 am

യു എന്‍: യുദ്ധം തകര്‍ത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന രണ്ട് ലക്ഷം പേര്‍ക്ക് അഭയം നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. വരുന്ന ജനങ്ങളെ മുഴുവന്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങള്‍ക്ക് സാമ്പത്തിക ശേഷി ഉണ്ടെന്ന് യു എന്നിന്റെ കുടിയേറ്റ വിഭാഗം കൈകാര്യം ചെയ്യുന്ന യു എന്‍ എച്ച് സി ആര്‍ വക്താവ് മെലിസ്സ ഫ്‌ളെമിംഗ് വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയനിലെ മുഴുവന്‍ അംഗങ്ങളും നിശ്ചിത ശതമാനം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന പദ്ധതിക്ക് ഇ യു പദ്ധതി തയ്യാറക്കണം. നിലവില്‍ യൂറോപ്യന്‍ യൂനിയനിലെ ചില രാജ്യങ്ങള്‍ പരമാവധി അഭയാര്‍ഥികളെ ഏറ്റെടുത്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ മൊത്തത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ജര്‍മനിക്ക് മാത്രം പരിഹരിക്കാവുന്നതല്ല. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ചുരുങ്ങിയത് രണ്ട് ലക്ഷം അഭയാര്‍ഥികളെയെങ്കിലും ഏറ്റെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിയന്നയില്‍ ഇപ്പോഴും അഭയാര്‍ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന പുതിയ കണക്കുകള്‍ ഇവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആസ്ത്രിയന്‍ സര്‍ക്കാര്‍ അഭയാര്‍ഥികളെ സംബന്ധിച്ച വ്യക്തമായ നിലപാട് ഇപ്പോഴും സ്വീകരിച്ചിട്ടില്ല. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെക്കുന്ന പദ്ധതിയനുസരിച്ച് മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് ആസ്ത്രിയ. മാസിഡോണിയയില്‍ കഴിഞ്ഞ ദിവസം 7,000ത്തിലധികം സിറിയന്‍ അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. മുപ്പതിനായിരത്തിലധികം പേര്‍ ഇപ്പോഴും അഭയാര്‍ഥികളായി സഞ്ചാരത്തിലാണ്. ഇവരില്‍ 20,000 പേര്‍ ലെസ്‌ബോസില്‍ എത്തിയിട്ടുണ്ടെന്നും യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.