Connect with us

Kerala

കോട്ടയത്ത് പിണറായി പങ്കെടുത്ത യോഗ സ്ഥലത്തേക്ക് എസ് എന്‍ ഡി പി പ്രവര്‍ത്തകരുടെ പ്രതിഷേധം

Published

|

Last Updated

കോട്ടയം: കോട്ടയത്ത് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത വേദിയിലേക്ക് തള്ളിക്കയറാന്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരുടെ ശ്രമം. സി പി എം കണ്ണൂരില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ എന്‍ ഡി പി പ്രവര്‍ത്തകര്‍ സി പി എമ്മിന്റെ യോഗ സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
ഇന്നലെ വൈകുന്നേരം തിരുനക്കര മൈതാനിയില്‍ മുന്‍മന്ത്രിയും സി പി എം നേതാവുമായിരുന്ന ടി കെ രാമകൃഷ്ണന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാറില്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു പിണറായി. വേദിയില്‍ പിണറായി വിജയന്‍ എസ് എന്‍ ഡി പിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുമ്പോള്‍ നൂറോളം വരുന്ന എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ സി പി എമ്മിനിനെതിരെ മുദ്രാവാക്യം വിളികളുമായി യോഗസ്ഥലത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. എസ് എന്‍ ഡി പി പ്രവര്‍ത്തകരെ എതിരിടാന്‍ സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് വിന്യസിച്ചിരുന്നു. പോലീസ് വളരെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രകടനത്തിനിടെ എസ് എന്‍ ഡി പി പ്രവര്‍ത്തകര്‍ നഗരത്തില്‍ സ്ഥാപിച്ച പിണറായി വിജയന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു.
എസ് എന്‍ ഡി പിയുടെ തലപ്പത്തുള്ളവര്‍ ശ്രീനാരായണ ധര്‍മത്തെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പിണറായി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ വാക്കിലോ നോക്കിലോ പോലും ചെറുതായി കാണുന്ന പ്രസ്ഥാനമല്ല സി പി എം. നാരായണ ഗുരുവിനെ കുരിശില്‍ തറച്ചനിലയിലുള്ള നിശ്ചല ദൃശ്യം എസ് എന്‍ ഡി പി നേതൃത്വത്തിന് തെറ്റെന്നു തോന്നതക്കവിധം ആവരുതായിരുന്നു. ആളുകളെ ദുര്‍ബോധനത്തിലൂടെ തെറ്റായ വഴിയിലേക്ക് തിരിച്ചു വിടാന്‍ ചിലര്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കും. നേതൃത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ സാമ്പത്തിക മോഹങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി എസ് എന്‍ ഡി പിയെ കൊല്ലാനാണ് ശ്രമമെങ്കില്‍ അതിനെ ചോദ്യം ചെയ്യും. ഇതിനെ എതിര്‍ത്തിട്ട് കാര്യമില്ല. എസ് എന്‍ ഡി പിയും ആര്‍ എസ് എസും തമ്മിലുള്ള ബന്ധം നാട്ടില്‍ ഉണ്ടാക്കുന്ന ആപത്ത് ചെറുതായിരിക്കില്ലന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest