Connect with us

Wayanad

നിയമനം നല്‍കിയിട്ടും ഡോക്ടര്‍മാര്‍ എത്തിയില്ല; ഡോക്ടര്‍ക്ക് ജോലി ഭാരം

Published

|

Last Updated

മാനന്തവാടി: നിയമനം നല്‍കി നാല് ദിവസം പിന്നിട്ടിട്ടും ജില്ലാ ആശുപത്രിയില്‍ രണ്ട് ഗൈനക്കോളജിസ്റ്റുമാരും ചാര്‍ജ്ജേറ്റെടുത്തില്ല.
കോഴിക്കോട് ഡബ്ല്യു ആന്‍ഡ് സിയിലെ ഡോ ദീപാ പുരുഷോത്തമന്‍, പാലക്കാട് പഴമ്പാലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ജിഷ എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ സേവനത്തിനെത്താന്‍ വൈകുന്നത്.
പ്രസവത്തിനായി ജില്ലാ ആശുപത്രിയിലെത്തിയ ആദിവാസി യുവതിയെ പരിശോധിക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയും യുവതി മാര്‍ഗ മധ്യേ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ഈ കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അരങ്ങേറിയ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് രണ്ട് ഡോക്ടര്‍മാരെ ജില്ലാ ആശുപത്രിയിലേക്ക് നിയമിച്ച് കൊണ്ട് ആരോഗ്യവകുപ്പ് സെപ്തംബര്‍ നാലിന് ഉത്തരവിറക്കിയത്.
എന്നാല്‍ ഈ രണ്ട് പേരും ആശുപത്രിയില്‍ ചുമതലയേല്‍ക്കാന്‍ വൈകുകയാണ്. ഇത് ഗൈനക്കോളജി ഒ പിയേയും പ്രസവവാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിക്കുന്നു. ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ സ്ത്രീരോഗ വിദഗ്ദ്ധനായ ഡോ. കെ രമേശ് കുമാര്‍ മാത്രമാണ് ഗൈനക്കോളജി വിഭാഗത്തില്‍ സേവനത്തിനുള്ളത്.
ജില്ലാ ആശുപത്രി ഒ പിയില്‍ പ്രതിദിനം അമ്പതോളം ഗര്‍ഭിണികളാണ് എത്തുന്നത്. പത്തോളം പ്രസവങ്ങളും നടക്കുന്നുണ്ട്.
ഇത്രയും പേരെ ആകെയുള്ള ഒരു ഡോക്ടറാണ് പരിശോധിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ഡോക്ടര്‍ക്ക് രാവും പകലും ഡ്യൂട്ടി നോക്കേണ്ടിയും വരുന്നു. പുതുതായി നിയമനം ലഭിച്ച ഗൈനക്കോളജിസ്റ്റുമാര്‍ ആശുപത്രിയില്‍ സേവനത്തിനെത്താന്‍ വൈകിയാല്‍ ഓപ്പറേഷന്‍ വരെ മുടങ്ങാനും സാധ്യതയുണ്ട്.
ഇതേസമയം ജില്ലാ ആശുപത്രിയില്‍ സേവനത്തിന് സന്നദ്ധത അറിയിക്കുന്ന ഡോക്ടര്‍മാരെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യാഗസ്ഥര്‍ പരിഗണിക്കുന്നില്ലെന്നും ആരോപണമുണ്ട്.

Latest