ഗ്രാമങ്ങളില്‍ വീണ്ടും തമിഴ് വട്ടിപ്പലിശ സംഘങ്ങള്‍ പിടിമുറുക്കുന്നു

Posted on: September 8, 2015 9:36 am | Last updated: September 8, 2015 at 9:36 am

കല്‍പ്പറ്റ: കാര്‍ഷികമേഖലയിലെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂഷണം ചെയ്ത് ഗ്രാമങ്ങളില്‍ തമിഴ് വട്ടിപ്പലിശ സംഘങ്ങള്‍ പിടിമുറുക്കുന്നു.
ഒരു ഇടവേളക്ക് ശേഷം അനധികൃത ചിട്ടി നടത്തിപ്പുകാരും മേഖലയില്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.
കഴുത്തറുപ്പന്‍ പലിശക്കാരെ കുടുക്കാനായി സംസ്ഥാന പൊലീസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന്‍ കുബേരക്ക അയവ് വന്നതും പലിശക്കാര്‍ തലപൊക്കാന്‍ കാരണമായി.
ഇരുപത്തിയഞ്ച് ശതമാനം പലിശക്കാണ് തമിഴ് വട്ടിപ്പലിശ സംഘങ്ങള്‍ പണം വായ്പ നല്‍കുന്നത്. അതായത് പതിനായിരം രൂപ വായ്പയെടുത്താല്‍ 7500 രൂപ ലഭിക്കും. പതിനായിരം രൂപ തിരിച്ചടയക്കണം. ദിവസം, ആഴ്ചക്കണക്കിലാണ് വായ്പാ തുകയുടെ തിരിച്ചടവ്. തിരിച്ചടവ് തെറ്റിയാല്‍ പിഴപലിശയും ഈടാക്കും.
കാര്‍ഷികമേഖലയില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ വിമുഖത പ്രകടിപ്പിക്കുന്നതാണ് സാധാരണക്കാരും കര്‍ഷരുമെല്ലാം സാമ്പത്തികാവശ്യങ്ങള്‍ക്കായി ബ്ലേഡ് പലിശക്കാരെ ആശ്രയിക്കാനിടവരുന്നത്.
ഇതിനെല്ലാം പുറമേ അനുമിതിയില്ലാതെ ചിട്ടി നടത്തുന്ന സംഘങ്ങളും പെരുകിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇഞ്ചിക്ക് വിലകുറഞ്ഞതും കുരുമുളക് ചെടികള്‍ രോഗം വന്ന് നശിച്ചതും കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടത്. ക്ഷീരകര്‍ഷകരും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചിതരായിട്ടില്ല. പല ക്ഷീരസംഘങ്ങളും കറവപ്പശുക്കളെ വാങ്ങാന്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.
പശുക്കളുടെ കറവ വറ്റിയതും പാല്‍കുറഞ്ഞതും കാരണം വായ്പാ തിരിച്ചടവിനായി പണം കണ്ടെത്താന്‍ ക്ഷീരകര്‍ഷകര്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയിലായി. പരസ്പരം ജാമ്യം നിന്ന് വായ്‌പെടുത്തവര്‍ക്കാകട്ടെ തിരിച്ചടവ് മുടങ്ങിയാല്‍ ബാധ്യത എല്ലാവര്‍ക്കും കൂടിയാകും. ഇക്കാരണങ്ങളെല്ലാമാണ് വട്ടിപ്പലിശ സംഘങ്ങള്‍ക്ക് തടിച്ച് കൊഴുക്കാന്‍ അരങ്ങൊരുക്കുന്നതും.