ജില്ലക്ക് പ്രതേ്യകമായി കൂടുതല്‍ വീടുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: പി കെ ബിജു എം പി

Posted on: September 8, 2015 9:34 am | Last updated: September 8, 2015 at 9:34 am

pk bijuവടക്കഞ്ചേരി: ഇന്ദിര ആവാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് ജില്ലക്ക് പ്രതേ്യകമായി കൂടുതല്‍ വീടുകള്‍ അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പി കെ —ബിജു എം പി ആവശ്യപ്പെട്ടു.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച വീടുകളുടെ എണ്ണം അനുസരിച്ച് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡില്‍ രണ്ടു വീട് മാത്രമാണ് ഒരു വര്‍ഷം അനുവദിക്കാന്‍ കഴിയുന്നത്. എന്നാല്‍ വീടനുവദിക്കുന്നതിനായി ഒരു വാര്‍ഡില്‍ അപേക്ഷ നല്‍കുന്ന ഗുണഭോക്താക്കളുടെ എണ്ണം വളരെ കൂടുതലാണ്. ആവശ്യമായ വീടുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകത്തതോടെ വീട് രഹിതരുടെ എണ്ണം ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്.
ജില്ലക്ക് പ്രതേ്യകമായി കൂടുതല്‍ വീടുകള്‍ അനുവദിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, ഗ്രാമ വികസന വകുപ്പ് മന്ത്രിക്കും കത്ത് നല്‍കുമെന്നും എം പി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി പൊല്‍പ്പുളളി ഗ്രാമപഞ്ചായത്തിലെ വിവിധ കോളനികള്‍ സന്ദര്‍ശിക്കുകയായിരുന്നു എം പി. ചൂരിക്കാട്, തുമ്പിപ്പളളം, വേര്‍കോലി, ചിറവട്ടം, പെരലപ്പുളളി, പുതുക്കുടി, നെല്ലുകുത്തുപ്പാറ, മാതപ്പറമ്പ്, കല്ലന്‍കാട്, പനയൂര്‍ എന്നീ കോളനികളാണ് എം പി സന്ദര്‍ശിച്ചത്.വീട് നിര്‍മ്മാണത്തിനായി തുകയനുവദിക്കണമെന്നും, ചികിത്സക്കാവശ്യമായ സൗകര്യം ലഭ്യമാക്കണമെന്നും കാണിച്ചാണ് കോളനി സന്ദര്‍ശനത്തിനിടെ ഏറ്റവും കൂടുതല്‍ പരാതികള്‍ എം പിക്ക് ലഭിച്ചത്.
ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, മറ്റു ജീവിത ശൈലി രോഗങ്ങളുമാണ് കോളനി നിവാസികളെ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
ഇതു ശ്രദ്ധയില്‍പ്പെട്ട എം പി കോളനികള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ഉദ്ദേ്യാഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഡെപ്യൂട്ടി ഡിഎംഓക്ക്(ഹെല്‍ത്ത്)നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് പൊല്‍പ്പുളളി ഗ്രാമപഞ്ചായത്തില്‍ സെപ്തംബര്‍ 16 ന് മെഡിക്കല്‍ ക്യാംപ് നടത്താന്‍ തീരുമാനിച്ചു.
വിവിധ അസുഖങ്ങള്‍ ബാധിച്ച കോളനി നിവാസികള്‍ക്ക് സൗജന്യ ചികിത്സയും, മരുന്നും എം —പിയുടെ സന്ദര്‍ശനത്തോടെ ലഭ്യമാകുമെന്നുറപ്പായി. 80 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കേന്ദ്ര പദ്ധതി വഴി പെന്‍ഷന്‍ നല്‍കുന്നതിനായി അവരുടെ പട്ടിക തയ്യാറാക്കുന്നതിനും എം പി ഗ്രാമപഞ്ചായത്ത് അധിക്യതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കെ എസ് ഇ ബി ലൈന്‍ കടന്നു പോകാത്ത പ്രദേശങ്ങളില്‍ മെയിന്‍ ലൈന്‍ വലിക്കുന്നതിനാവശ്യമായ തുക പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിക്കും. എല്ലാ വീടുകളിലും കക്കൂസ് ലഭ്യമാക്കുന്നതിന് പദ്ധതിയുണ്ടാക്കാന്‍ ജില്ലാ ശുചിത്വ മിഷന്‍ അധിക്യതര്‍ക്ക് എം പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃഷിക്കാവശ്യമായ കാഡച്ചാലുകളുടെ ശോച്യവാസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജലസേചന വകുപ്പധികൃതര്‍ക്ക് എം പി നിര്‍ദ്ദേശം നല്‍കി.
വയോജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ പകല്‍ വീടിനായി സ്ഥലം കണ്ടെത്തിയാല്‍ നിര്‍മ്മാണത്തിനാവശ്യമായ തുകയനുവദിക്കാമെന്ന് എം. പി ഉറപ്പ് നല്‍കി. കോളനികളില്‍ കുടിവെളളം, അംഗന്‍വാടി, വായനശാല, എന്നിവ ഉറപ്പാക്കാന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പ്രസീത, അസി ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) എം —ഗോപാലകൃഷ്ണന്‍, പാലക്കാട് തഹസില്‍ദാര്‍ ടി വിജയന്‍ എം പി യോടൊപ്പമുണ്ടായിരുന്നു