Connect with us

Kozhikode

വിമുക്ത ഭടന്റെ വിധവയെ വഞ്ചിച്ച് സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതായി പരാതി

Published

|

Last Updated

കോഴിക്കോട്: വിമുക്ത ഭടന്റെ വിധവയായ തന്റെ വീടും പറമ്പും സഹോദരങ്ങള്‍ ചേര്‍ന്ന് വഞ്ചിച്ച് കൈപ്പെടുത്തിയതായി തിരുവണ്ണുര്‍ നട കെ പി ജാനകി അമ്മ (79) വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പന്നിയങ്കര ദേശത്തെ പുതുക്കുടി വീട്ടില്‍ പി സതീഷ് കുമാര്‍(40),പി സന്ദീപ്(38)എന്നിവര്‍ ചേര്‍ന്നാണ് കപട സ്‌നേഹം പ്രകടിപ്പിച്ച് സഹായ വാഗ്ദാനം നല്‍കി പതിനാലര പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. പിന്നീട് കാര്‍ വാങ്ങാനെന്ന വ്യാജേന സതീഷ് കുമാര്‍ നാല് ലക്ഷം രൂപ തട്ടിയെടുത്തതായും ജാനകിയമ്മ പറഞ്ഞു. ജാനകിയമ്മയുടെ പേരില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് കാറ് എന്നായിരുന്നു വാഗ്ദാനം. ലോറി വാങ്ങിക്കാനാണെന്നും ആറ് മാസത്തിനുള്ളില്‍ തിരിച്ചു തരാമെന്നും വാഗ്ദാനം നല്‍കി സന്ദീപും രണ്ട് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീടിന്റെ പുതുക്കി പണിയലിന് പവര്‍ ഓഫ് അറ്റോണിയെന്ന വ്യാജേന സ്വത്തും ഒപ്പിടീച്ച് വാങ്ങിയ ഇവര്‍ ഈ വിവരം പുറത്ത് പറഞ്ഞാല്‍ ജാനകിയമ്മയെ വീട്ടില്‍ നിന്നും ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. പവര്‍ഓഫ് അറ്റോണിയുമായി ബന്ധപ്പെട്ട വിവരം ജാനകിയമ്മ പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളേയും ബന്ധുക്കളേയും, സാമൂഹ്യപ്രവര്‍ത്തകരേയും അറിയിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ജാനകിയമ്മയുടെ സ്വത്ത് സന്ദീപിന്റെ പേര്‍ക്ക് രജിസ്ട്രാക്കിയെന്ന് അറിയുന്നത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് പന്നിയങ്കര സി ഐ ക്ക് അവര്‍ പരാതിനല്‍കിയെങ്കിലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കോഴിക്കോട് സബ് കോടതിയിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടികളൊന്നും പരാതികളിന്‍മേല്‍ ഇല്ലാത്തതുമൂലം ജാനകിയമ്മ ഇപ്പോള്‍ ജില്ലാ കലക്ടര്‍, എം എല്‍ എ, എം പി, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ വത്സല, ജാനകി അമ്മ എന്നിവര്‍ പകെടുത്തു.

Latest