വരള്‍ച്ചയും പട്ടിണിയും മാതാവ് ജീവനൊടുക്കി

Posted on: September 8, 2015 5:14 am | Last updated: September 8, 2015 at 12:14 am

മുംബൈ: കൊടും വരള്‍ച്ചയില്‍ ജന ജീവിതം ദുസ്സഹമായ മഹാരാഷ്ട്രയിലെ മറാത്ത്‌വാദ മേഖലയില്‍ തന്റെ അഞ്ച് മക്കള്‍ക്ക് വിശപ്പടക്കാന്‍ ഒന്നും നല്‍കാനില്ലാത്ത നാല്‍പ്പത്കാരിയായ മാതാവ് തീകൊളുത്തി ജീവനൊടുക്കി.
മറാത്ത്‌വാദയിലെ ഒസ്മാനാബാദ് ജില്ലയിലെ മനീഷ ഗട്കല്‍ എന്ന കര്‍ഷകസ്ത്രീയാണ് ശനിയാഴ്ച വീട്ടില്‍ തീക്കൊളുത്തി മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷത്തിനിടയിലാണ് ഈ സംഭവം. വളരെ ദിവസങ്ങള്‍ക്ക് ശേഷം കുട്ടികളുടെ പിതാവ് ഗട്കലിന് ഒരു ജോലി കിട്ടിയപ്പോള്‍ അതിന് പുറത്തിറങ്ങി.
അപ്പോഴാണ് ഭാര്യ വീട്ടിനകത്ത് കയറി വാതിലടച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യചെയ്തത്. മുഴുപട്ടിണിയില്‍ കഴിയുന്ന അഞ്ച് കുട്ടികള്‍ പിച്ചപാത്രമെടുത്തിട്ടും പട്ടിണിക്ക് പരിഹരമായില്ലെന്ന് ഗ്രാമീണര്‍ പറയുന്നു.
ഏഴംഗ കുടുംബത്തിന് ഒരു മാസത്തേക്ക് 18 കിലോ ഗോതമ്പും 12 കിലോ അരിയുമാണ് റേഷനായി ലഭിക്കുന്നത്. അത് 12 ദിവസത്തേക്കേ തികയൂ. ഗ്രാമീണ തൊഴില്‍ ദാന പദ്ധതിയനുസരിച്ച് ഗട്കലിന് ജോലി ലഭിക്കുന്നുമില്ല. 2014ല്‍ ഈ മേഖലയില്‍574പേര്‍ ജീവനൊടുക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനകം ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 628 കഴിഞ്ഞു.