വര്‍ഷങ്ങള്‍ക്കു ശേഷം ബീഹാറില്‍ ഇടത് ഐക്യം

Posted on: September 8, 2015 5:12 am | Last updated: September 8, 2015 at 12:13 am

പാട്‌ന: വര്‍ഷങ്ങള്‍ക്ക് ശേഷം ബീഹാറില്‍ ഇടതുപാര്‍ട്ടികള്‍ കൈകോര്‍ക്കുന്നു. വരാന്‍ പോകുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് പുതിയ ഐക്യം.
പ്രധാനപ്പെട്ട 6 ഇടത് പക്ഷ പാര്‍ട്ടികളാണ് ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ ഡി യെയും മുഖ്യമന്ത്രി നിതീഷ് കുമാന്‍ നേതൃത്വം നല്‍കുന്ന വിശാല സഖ്യവമാണ് രണ്ട് മുന്നണികള്‍. ഇവര്‍ക്കെതിരെ മൂന്നാം മുന്നണി എന്ന നിലയിലാണ് പുതിയ ഐക്യം.
സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനാണ് എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നത്. സാമൂഹ്യ മാനുഷിക മൂല്യങ്ങളെയും ജന്മാവകാശങ്ങളെയും അവര്‍ തകര്‍ത്ത് കളയുന്നു. ഇതിനെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ജനങ്ങള്‍ക്ക് പുതിയതിനെ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുവാനുംകൂടിയാണ് ഈ പുതിയ കൂട്ടുകെട്ടിന് രൂപം നല്‍കിയത്. പുതിയ കക്ഷിരൂപീകരണത്തിന് ശേഷം ഇടതുപാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
സി പി ഐ, സി പി ഐ എം, എസ് യു സി ഐ, ആള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍ എസ് പി, സി പി ഐ എം എല്‍ എന്നീ പാര്‍ട്ടികളാണ് പുതിയ സഖ്യത്തില്‍. ബീഹാറില്‍ 243 അംഗ നിയമസഭയാണ്. വരും ദിവസങ്ങളില്‍ സീറ്റ് വിഭജനം വിജയകരമായി പൂര്‍ത്തിയാക്കുമെന്നും അവര്‍ വ്യക്തമാക്കി.
ആറ് പാര്‍ട്ടികളുടെയു നേതാക്കള്‍ പൊതുവേതിയില്‍ ഒരുമിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും പുതിയ സഖ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ സമ്മേളനമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി കാത്തിരുന്ന അവസരമാണിത്. എന്ത് കൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ ഒരുമിക്കാത്തതെന്ന് നമ്മള്‍ പരസ്പ്പരം ചോദിക്കാറുണ്ട്. കാവിസൈന്യത്തിനെതിരെയും വിശാല സഖ്യത്തിനെതിരെയും ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇന്ന് നമ്മള്‍ ഒരുമിച്ചിരിക്കുന്നു. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ സി പി ഐ എം എല്‍ നേതാവ് ദീപംഗര്‍ ബട്ടാചാര്യ പറഞ്ഞു.
ആരൊക്കെയാണൊ ദളിതരെ കൂട്ടക്കൊല ചെയ്തത് അവരോടപ്പം തന്നെ ഇന്ന് ലാലു പ്രസാദ് യാദവ് കൂട്ടുകൂടുന്നു. രണ്‍വീര്‍ സേന നടത്തിയ കൂട്ടകൊലയെ കൂറിച്ച് അന്വേഷിക്കാന്‍ നിയമിച്ച അമീര്‍ദാസ് കമ്മീഷനെ ഇല്ലാതാക്കിയവരോടപ്പം തന്നെ ദളിദ് വിഭാഗത്തിന്റെ രക്ഷകര്‍ കൈകോര്‍ക്കുന്നു. ലാലുപ്രസാദ് യാദവിനെ പരാമര്‍ശിച്ചുകൊണ്ട് ഭട്ടാചാര്യ പറഞ്ഞു.