Connect with us

National

ലോകം കാണിച്ചതിന് അധ്യാപകന് കര്‍ഷകരുടെ ആദരം

Published

|

Last Updated

നാഗപട്ടിണം: പുരോഗതിയുടെ പാതയിലേക്കു നയിച്ച് തങ്ങളുടെ അറിവിന്റെ ലോകം വളര്‍ത്തിയ അധ്യാപകന് ദളിത് കുടുംബാംഗങ്ങള്‍ നല്‍കിയത് സ്‌നേഹത്തില്‍ ചാലിച്ച സ്മാരകം. കെന്നഡിയെന്ന അധ്യാപകനാണ് നാട്ടിലെ ജനങ്ങള്‍ സ്മാരകം പണിതത്. 2007ല്‍ മരിച്ച അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി, വെങ്കലത്തില്‍ നിര്‍മ്മിച്ച പൂര്‍ണകായ പ്രതിമയാണ് സ്ഥാപിച്ചത്.
പ്രതിമ സ്ഥാപിക്കാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങിയത് കൃഷിക്കാരായ 150 ദളിത് കൃഷിക്കാരാണ്. തങ്ങളുടെ മക്കളെ വിദ്യാഭ്യാസത്തിന്റെ പ്രകാശത്തിലേക്ക് നയിച്ചതിന്റെ നന്ദിസൂചകമായിട്ടാണ് അവര്‍ ഇതു സ്ഥാപിച്ചത്. 2002ലാണ് അത്തുപക്കത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ പ്രധാനാധ്യാപകനായി കെന്നഡിയെന്ന യുവാവ് എത്തിയത്.
സ്‌ക്കൂളില്‍ ചാര്‍ജ് എടുത്തയുടന്‍തന്നെ എല്ലാ വീടുകളിലും എത്തി കുട്ടികളെ സ്‌കൂളിലേക്കയയ്ക്കാന്‍ അഭ്യര്‍ഥിച്ചു. അവിവാഹിതനായിരുന്നതിനാല്‍ ഗ്രാമവാസികളുടെ ദൈനംദിന കാര്യങ്ങളിലെല്ലാം ഒരു ഗ്രാമീണനെപ്പോലെ അദ്ദേഹം ഇടപെട്ടു. ഗ്രാമീണരെല്ലാവരുമായും ആശയവിനിമയം നടത്താന്‍ അദ്ദേഹം സമയം കണെ്ടത്തി.
സ്‌കൂളില്‍ എത്തുന്ന കുട്ടികളെ യൂണിഫോം ധരിപ്പിച്ചു. യൂണിഫോം വാങ്ങിക്കാന്‍ പണം ഇല്ലാത്തവര്‍ക്കായി സ്വന്തം പണം എടുത്ത് യൂണിഫോം വാങ്ങിക്കൊടുത്തു. വിശ്വാസത്തോടെ അഭിപ്രായം ചോദിക്കാനായി ഗ്രാമീണര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തി. സ്വന്തക്കാരനോടെന്നപോലെ ഓരോ ഗ്രാമവാസിയും അദ്ദേഹത്തോട് ഇടപെട്ടു. അദ്ദേഹവും അങ്ങനെതന്നെയായിരുന്നു. സ്‌കൂളിന്റെയും ഗ്രാമത്തിന്റെയും മുഖച്ഛായതന്നെ മാറി. സ്‌കൂളില്‍ പൂന്തോട്ടം നിര്‍മിച്ചു, പരിസരപ്രദേശം മികച്ച രൂപകല്‍പനയിലൂടെ മോടിപിടിപ്പിച്ചു.
കെന്നഡി ഞങ്ങള്‍ക്ക് അധ്യാപകന്‍ മാത്രമല്ലായിരുന്നു. അദ്ദേഹം ഞങ്ങളുടെ എല്ലാമെല്ലാമായിരുന്നു’’-ഗ്രാമവാസികള്‍ ഒന്നടങ്കം പറഞ്ഞു. അവരുടെ സ്വന്തമായ കെന്നഡി സാറിന് സ്മാരകമായി അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ പ്രദേശത്തെ ദളിത് സമൂഹം.

Latest