മുസ്‌ലിംകള്‍ക്കെതിരെ ലണ്ടനില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

Posted on: September 8, 2015 5:00 am | Last updated: September 8, 2015 at 12:01 am

ലണ്ടന്‍: ലണ്ടനിലെ മുസ്‌ലിംകള്‍ക്ക് നേരെ നടത്തുന്ന വംശീയ അതിക്രമങ്ങള്‍ 70 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജൂലൈ വരെയുള്ള 12 മാസത്തിനിടെ 816 ഇസ്‌ലാമോഫോബിയ അതിക്രമങ്ങള്‍ രാജ്യത്ത് അരങ്ങേറിയെന്നാണ് മെട്രോപോളിറ്റന്‍ പോലീസ് സര്‍വീസ് വ്യക്തമാക്കുന്നത്. അതേസമയം തൊട്ടുമുമ്പത്തെ 12 മാസങ്ങളില്‍ ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 478 ആയിരുന്നുവെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ആക്രമണങ്ങളില്‍ പ്രാഥമികമായി ലക്ഷ്യം വെക്കുന്നത് കൂടുതലും സ്ത്രീകളെയാണെന്ന് വംശീയ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന എം എ എം എ എന്ന സംഘടന വ്യക്തമാക്കി. ഹിജാബ് ധരിച്ചോ തലമറച്ചോ തെരുവുകളില്‍ എത്തുന്ന സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ അധിക്ഷേപങ്ങള്‍ക്ക് ഇരകളാകുന്നതെന്ന് സംഘടനയുടെ ഡയറക്ടര്‍ ഫിയാസ് മുഖാല്‍ വ്യക്തമാക്കി. ഇവരില്‍ തന്നെ മുഖം മറക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കിരയാവേണ്ടി വരുന്നത്. ഇസ്‌ലാമിലേക്ക് പുതുതായി കടന്നു വന്നവരെയും ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധമായവരെയുമാണ് അക്രമികള്‍ ലക്ഷ്യം വെക്കുന്നത്. തെക്കു പടിഞ്ഞാറ് ലണ്ടനിലാണ് അതിക്രമങ്ങളുടെ നിരക്ക് ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ എട്ട് ആക്രമണങ്ങളാണ് നടന്നത്. എന്നാല്‍ ഈ വര്‍ഷം അത് 29 ആയിരിക്കുകയാണ്.