Connect with us

Gulf

തകരാത്ത ആത്മവിശ്വാസം

Published

|

Last Updated

യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഗള്‍ഫ് സൈന്യത്തിന്റെ ദൃഢനിശ്ചയത്തില്‍ മാറ്റമില്ല. ഹൂത്തി തീവ്രവാദി കേന്ദ്രങ്ങള്‍ക്കു നേരെ സഊദി അറേബ്യയും യു എ ഇയും നീക്കം ശക്തിപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇ- സഊദി അറേബ്യ-ബഹ്‌റൈന്‍ ഭടന്‍മാര്‍ വര്‍ധിത വീര്യത്തോടെ വ്യോമാക്രമണം നടത്തി, എണ്ണ ഉല്‍പാദന കേന്ദ്രമായ മആരിബ്, തലസ്ഥാനമായ സന്‍ആ എന്നിവിടങ്ങളില്‍ നിന്ന് ഹൂത്തികളെ തുരത്തി. 45 യു എ ഇ സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവം അത്രമേല്‍ രോഷമാണ് ഗള്‍ഫ് മേഖലയില്‍ സൃഷ്ടിച്ചത്. ഇനി വിശ്രമമില്ലെന്നും വിജയം വരെ ആക്രമണം തുടരുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ ഭരണം അംഗീകരിക്കണമെന്ന് ലോക രാജ്യങ്ങള്‍ ഹൂത്തികളോട് പല തവണ അഭ്യര്‍ഥിച്ചതാണ്. എന്നാല്‍, ഇറാന്റെ പിന്തുണയോടെ ഹൂത്തികള്‍ വ്യാപകമായ കലാപം അഴിച്ചു വിടുകയായിരുന്നു. മാത്രമല്ല, അയല്‍ രാജ്യമായ സഊദി അറേബ്യയെയും ഹൂത്തികള്‍ നോട്ടമിട്ടു. അതിര്‍ത്തി കടന്നെത്തി സഊദിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ഇത് കേവലം സുന്നീ-ശിയാ തര്‍ക്കമായി ചുരുക്കിക്കാണാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറല്ല. ഇറാന്‍ വിഭാവനം ചെയ്ത വിശാല ശിയാ സാമ്രാജ്യം യാഥാര്‍ഥ്യമാക്കാന്‍ മേഖലയിലാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഹൂത്തി തീവ്രവാദികള്‍ ചട്ടുകമാവുകയാണ്. അതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. താരതമ്യേന ശാന്തമായിരുന്ന ബഹ്‌റൈനിലും കുവൈത്തിലും സംഘര്‍ഷങ്ങള്‍ ഉടലെടുത്തതും സ്മരണീയം.
മേഖലയില്‍ വലുപ്പം കൊണ്ട് രണ്ടാമത്തെ രാജ്യമാണ് യമന്‍. 2,000 കിലോ മീറ്റര്‍ കടല്‍ തീരമുണ്ട്. തുറമുഖങ്ങള്‍ രാജ്യാന്തര പ്രാധാന്യമുള്ളതാണ്. ആഫ്രിക്കയെയും മധ്യപൗരസ്ത്യദേശത്തെയും വാണിജ്യപരമായി ബന്ധിപ്പിക്കുന്നതില്‍ തുറമുഖങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഹൂത്തികള്‍ വഴി ഭരണം പിടിച്ചെടുത്താല്‍ മേഖലയുടെ നിയന്ത്രണം കൈയിലാകുമെന്ന ഇറാന്‍ വ്യാമോഹമാണ് അടിസ്ഥാന പ്രശ്‌നം.
2011ല്‍ യമനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങി. അലി അബ്ദുല്ല സാലിഹ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിവാകണമെന്നായിരുന്നു ഹൂത്തികളുടെ ആവശ്യം. ജി സി സി അത് അംഗീകരിച്ചു. പകരം വൈസ് പ്രസിഡന്റ് അബ്ദുര്‍റബ് മന്‍സൂര്‍ ഹാദിയെ അധികാരത്തിലേറി. എന്നിട്ടും ഹൂത്തികള്‍ പിന്‍മാറിയില്ല. 2014ല്‍ ഹൂത്തികള്‍ സന്‍ആ പിടിച്ചെടുത്തു.
യമനില്‍ ഒരു ഭാഗത്ത് അല്‍ഖാഇദയും മറുഭാഗത്ത് ഹൂത്തികളും ഗള്‍ഫ് ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നു. സഊദി അറേബ്യയില്‍ അല്‍ ഖാഇദയുടെ പ്രവര്‍ത്തനത്തിന്റെ പ്രഭവ കേന്ദ്രം യമനായിരുന്നു. അതിനെ ഒരു വിധം അടിച്ചമര്‍ത്തിയപ്പോഴാണ് ഹൂത്തി തീവ്രവാദികളുടെ രംഗ പ്രവേശം. ജന സംഖ്യയില്‍ 30 ശതമാനത്തോളം ഹൂത്തികളായതിനാല്‍ പ്രക്ഷോഭത്തിന് ആക്കം കൂടി. നൂറുകണക്കിനാളുകളാണ് ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. യമനില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ഗള്‍ഫ് സഖ്യസേനയുടെ ലക്ഷ്യം. അത് നേടിയെടുക്കാനുള്ള പ്രയാണത്തിനിടയില്‍ യു എ ഇക്കും മറ്റും നിരവധി ധീരജവാന്‍മാരെ ബലികഴിക്കേണ്ടിവന്നു. എന്നാല്‍, രാജ്യത്തിനുവേണ്ടി പോരാടാന്‍ കൂടുതല്‍ ചെറുപ്പക്കാര്‍ യു എ ഇയില്‍ രംഗത്തുവരികയാണ്. 45 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആയിരങ്ങളാണ് രക്തദാനത്തിന് മുന്നോട്ടുവന്നത്. വിദേശികളും അതില്‍ ഉള്‍പെടും.

Latest