Connect with us

Gulf

450 കോടി ദിര്‍ഹം ചെലവ് ചെയ്ത് 20 കെട്ടിടങ്ങള്‍ നിര്‍മിക്കും

Published

|

Last Updated

ദുബൈ: 450 കോടി ദിര്‍ഹം ചെലവ് ചെയ്ത് 20 കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് അസീസി ഹോള്‍ഡിംഗ് സി ഇ ഒ അലി ഉമ്മര്‍ പറഞ്ഞു. ഹോട്ടല്‍ മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖലിലുമാണ് നിക്ഷേപം നടത്തുന്നത്. ഇതിന് വേണ്ട തുക അസീസി ഹോള്‍ഡിംഗ് നീക്കിവെച്ചിട്ടുണ്ട്. എല്ലാ പദ്ധതികളും സമയബന്ധിതമായി തീര്‍ക്കും. ഇതിന് പുറമെ നിക്ഷേപകരില്‍ നിന്ന് സഹായം സ്വീകരിക്കും.
എക്‌സ്‌പോ 2020ന്റെ വേദിക്ക് സമീപം 17 പദ്ധതികളാണ് ഉള്ളത്. അല്‍ ഫര്‍ജാന്‍ എന്ന പേരിലാണ് പദ്ധതി. ഇവിടെ എട്ട് താമസ കേന്ദ്രങ്ങളും ഒമ്പത് ഹോട്ടല്‍ അപാര്‍ട്‌മെന്റുകളും നിര്‍മിക്കും. എട്ട് താമസ കേന്ദ്രങ്ങളുടെയും നാല് അപാര്‍ട്‌മെന്റുകളുടെയും നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
ആഗോള മാന്ദ്യത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കുറവ് വന്നത് അസീസി ഹോള്‍ഡിംഗ്‌സിനെ ബാധിച്ചിട്ടില്ല. ചില കെട്ടിടങ്ങളിലെ 75 ശതമാനം ഇതിനകം തന്നെ വിറ്റുപോയി. ഡെയ്‌സി, തുളിപ്പ്, ഫ്രീസിയം എന്നിവയില്‍ 25 ശതമാനം വിറ്റുപോയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പദ്ധതി സ്ഥലം സന്ദര്‍ശിക്കാവുന്നതാണ്.
2020 ഓടെ ആയിരം മുറികള്‍ എന്നതാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ദുബൈ ഹെല്‍ത് കെയര്‍ സിറ്റിയില്‍ 110 കോടി ചെലവില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും. 2018 അവസാനത്തോടെ പൂര്‍ത്തിയാക്കും. പാം ജുമൈറയില്‍ 73.4 കോടി ചെലവില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. 2020 ഓടെ 2.5 കോടി സന്ദര്‍ശകര്‍ യു എ ഇയിലെത്തും. 2020 ഒക്‌ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നീണ്ടുനില്‍ക്കുന്ന വേള്‍ഡ് എക്‌സ്‌പോ കാലയളവില്‍ ലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് കമ്പോളം സന്തുലിതമാണ്. നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാധ്യതയുമാണ് ഇപ്പോഴുള്ളത്. ഭാവിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല മുന്നോട്ട് കുതിക്കുമെന്ന് അലി ഉമര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest