Connect with us

Gulf

രക്തസാക്ഷികള്‍ക്കായി പ്രാര്‍ഥിക്കുന്നു: കാന്തപുരം

Published

|

Last Updated

അബുദാബി: യമന്‍ ജനതയെ അനീതിയില്‍ നിന്നും അശാന്തിയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള സൈനിക നീക്കത്തിനിടെ രക്തസാക്ഷിത്വം വഹിച്ച യു എ ഇ സൈനികര്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുന്നതായും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അബുദാബിയില്‍ പറഞ്ഞു.
യമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന മഹത്തായ ദൗത്യമാണ് സൈനികര്‍ നിര്‍വഹിച്ചത്. മേഖലയുടെ സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യമുള്ള വിഷയമാണിത്. സംസ്‌കാരത്തെയും പാരമ്പര്യത്തെയും നശിപ്പിക്കുന്ന തീവ്രവാദത്തിനെതിരെ യു എ ഇയും സഖ്യസേനയും നടത്തുന്ന നീക്കങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. യമന്റെ മഹത്തായ ഇസ്‌ലാമിക പാരമ്പര്യത്തെ ഇല്ലാതാക്കാനാണ് വിഘടന ശക്തികള്‍ ശ്രമിക്കുന്നത്.
പ്രതിസന്ധികളെ ധീരമായി നേരിട്ട് യു എ ഇയെ യശസ്സോടെയും ആത്മാഭിമാനത്തോടെയും മുന്നോട്ട് നയിക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ക്ക് സാധിക്കട്ടെയെന്നും രക്കസാക്ഷികള്‍ക്ക് സ്വര്‍ഗം നല്‍കുകയും അവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമ നല്‍കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.
വിദേശി സമൂഹത്തോട് എന്നും അനുകമ്പാപൂര്‍ണമായ സമീപനം സ്വീകരിക്കുന്ന യു എ ഇയുടെ ദുഃഖത്തില്‍ പങ്കുചേരാനും രാജ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അദ്ദേഹം പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

Latest