മഞ്ഞളിപ്പും മഹാളിയും: കര്‍ഷകര്‍ കവുങ്ങ് കൃഷി ഉപേക്ഷിക്കുന്നു

Posted on: September 7, 2015 10:21 am | Last updated: September 7, 2015 at 10:21 am

കല്‍പ്പറ്റ: കവുങ്ങിന്‍ തോട്ടങ്ങളില്‍ വ്യാപകമാവുന്ന മഞ്ഞളിപ്പും മഹാളിയും ജില്ലയിലെ കവുങ്ങ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒഴിയാതെ പിന്തുടരുന്ന രോഗങ്ങള്‍ കാരണം ഭൂരിഭാഗം കര്‍ഷകരും കവുങ്ങ് കൃഷി പാടെ ഉപേക്ഷിക്കുകയാണ്. പുതുതായി ആരുംതന്നെ കവുങ്ങ് വെച്ചുപിടിപ്പിക്കാന്‍ മുന്നോട്ടുവരുന്നില്ല.
ഒരുകാലത്ത് ജില്ലയില്‍ നല്ലരീതിയില്‍ വരുമാനം ലഭിച്ചിരുന്ന അടക്കാ കൃഷിയും സമീപഭാവിയില്‍ വിസമൃതിയിലാവുന്ന രീതിയില്‍ വ്യാപകമായി കവുങ്ങുകള്‍ ജില്ലയില്‍ നിന്നും വെട്ടിമാറ്റപ്പെടുകയാണ്.
1990-കളിലാണ് ജില്ലയിലെ നെല്‍വയലുകളില്‍ വ്യാപകമായി വകഭേദം വരുത്തിക്കൊണ്ട് കവുങ്ങ് കൃഷി ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്ന് നെല്‍കൃഷിയിലുണ്ടാകുന്ന തിരിച്ചടികളും ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമല്ലാതെ വന്നതുമാണ് കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കാനിടയാക്കിയത്. ഇതോടെ പ്രത്യേകിച്ച് വളപ്രയോഗങ്ങള്‍ ആവശ്യമില്ലാത്തതും താരതമ്യേന പരിപാലന ജോലികള്‍ കുറഞ്ഞതുമായ കവുങ്ങ് ജില്ലയില്‍ വ്യാപകമാവുകയായിരുന്നു. തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങള്‍ ജില്ലക്ക് കളിയടക്കയിലൂടെയും പൈങ്ങയിലൂടെയും ഉയര്‍ന്നരീതിയില്‍ വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കവുങ്ങിന് പിടിപ്പെടുന്ന മഹാളിയും മഞ്ഞളിപ്പ് രോഗവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാലവര്‍ഷത്തില്‍ പെയ്യുന്ന മഴയുടെ തോത് കുറഞ്ഞാലും കൂടിയാലും കവുങ്ങ് കര്‍ഷകര്‍ക്ക് വിനയായി മാറുകയാണ്. കഴിഞ്ഞ വര്‍ഷം കനത്ത മഴയെ തുടര്‍ന്ന് മഹാളി പ്രതിരോധമരുന്ന് യഥാസമയം പ്രയോഗിക്കാന്‍ കഴിയാതെ അടക്കകള്‍ പാകമാകുന്നതിന് മുമ്പായി കൊഴിഞ്ഞുപോയിരുന്നു. തുരിഷും, കുമ്മായവും ചേര്‍ത്ത മിശ്രിതം കവുങ്ങ് പൂവിടുന്നത് മുതല്‍ മൂന്ന് തവണയെങ്കിലും കവുങ്ങില്‍ പ്രയോഗിച്ചാല്‍ മാത്രമെ അടകക്ക് മഹാളി പടരാതെ നിലനിര്‍ത്താന്‍ കഴിയുകയുള്ളു. ഇതിന് തുടര്‍ച്ചയായ മഴ തടസമായാല്‍ ആ വര്‍ഷത്തെ വിളവെടുപ്പ് നഷ്ടമാകും. കൃത്യമായി മഴ ലഭിക്കാതെ വന്നാല്‍ മഞ്ഞളിപ്പ് രോഗം പിടിപ്പെട്ട് കൃഷി നശിക്കും. പുതുതായി കവുങ്ങിന്‍ തോട്ടം വെച്ചുപിടിപ്പിച്ചാല്‍പോലും രോഗവിമുക്തമായി രോഗവിമുക്തമായി അടക്ക പറിക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെയാണ് പലരും നിലവിലുള്ള കവുങ്ങുകള്‍ വെട്ടിമാറ്റി എക്‌സകവേട്ടര്‍ ഉപയോഗിച്ച് വേര് പിഴുതെടുത്ത് വാഴകൃഷിയിലേക്ക് ചുവടുമാറ്റുന്നത്. സെപ്തംബര്‍ മുതല്‍ വിളവെടുപ്പ് തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുന്ന കാലയളവില്‍ മറ്റുനാണ്യവിളകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ നല്ലവരുമാനം ലഭിച്ചിരുന്ന അടക്കാകൃഷിയും സമീപഭാവിയില്‍ ജില്ലയില്‍ നിന്നും തുടച്ചുനീക്കപ്പെടും. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സിലുള്‍പ്പെടുത്തി ഇന്‍ഷൂര്‍ ചെയ്ത കര്‍ഷകര്‍ക്ക് കാലാവസ്ഥ വ്യതിയാനമുണ്ടായിട്ടും നഷ്ടപരിഹാരമൊന്നും ലഭിക്കുന്നില്ല. കൃഷിഭവന്‍ മുഖേനയും ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇതോടെയാണ് കര്‍ഷകര്‍ കവുങ്ങ് കൃഷിയില്‍ നിന്നും പിന്മാറുന്നത്.