അട്ടപ്പാടിയില്‍ ഡെങ്കിപ്പനി പടരുന്നു

Posted on: September 7, 2015 10:20 am | Last updated: September 7, 2015 at 10:20 am

പാലക്കാട്:അട്ടപ്പാടിയില്‍ ഡെങ്കിപ്പിനി പടരുമെന്ന് ആശങ്ക. രണ്ട് മാസത്തിനുള്ളില്‍ 23 ഡെങ്കിപ്പനി കേസുകള്‍ മേഖലയിലെ വിവിധയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. പുഴകളില്‍ നിന്നും ശുദ്ധീകരിക്കാതെ കുടുവെള്ളം കോളനികളിലെത്തുന്നതാണ് സാംക്രമിക രോഗങ്ങള്‍ കൂടാന്‍ കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ആഗസ്ത് മാസത്തില്‍ അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ 16857 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. മേഖലയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അഗളി കള്ളമല ഗൂളിക്കടവ് മേഖലകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ പകര്‍ച്ചപ്പനിയുമായി എത്തുന്നത്. അതേസമയം മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അവകാശപ്പെടുന്നു. ജൂലൈ മാസം 46 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ആഗസ്ത് മാസത്തില്‍ ഇത് അഞ്ചായി കുറഞ്ഞു. കഴിഞ്ഞ മാസം അഞ്ച് ടൈഫോയ്ഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുഴയിലെ വെള്ളം ശുദ്ധീകരിക്കാതെ കോളനികളിലെത്തുന്നതാണ് സാംക്രമിക രോഗങ്ങള്‍ കൂടാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സ്ഥലം മാറ്റിയ ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് പകരം ആളുകളെ നിയമിച്ചിട്ടുമില്ല.അട്ടപ്പാടിയില്‍ ആദിവാസികളുടെ ചികില്‍സാ സൗകര്യമുള്‍പ്പെടെയുള്ളവ ഉറപ്പാക്കാന്‍ സ്‌പെഷല്‍ ഓഫീസറെ വയ്ക്കണമെന്നകഴിഞ്ഞ ദിവസം ഹൈകോടതി നിര്‍ദ്ദേശിച്ചിരുന്നു