Connect with us

Kozhikode

ആയുര്‍വേദ ചികിത്സ വ്യാപകമാക്കുന്നതിന് മുന്തിയ പരിഗണന നല്‍കും: മന്ത്രി

Published

|

Last Updated

കോഴിക്കോട്: ആയുര്‍വേദ ചികിത്സ വ്യാപകമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍.
എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ അംഗീകൃത ചികിത്സാരീതികളും പ്രോത്സാഹിപ്പിക്കും. എട്ട് വില്ലേജുകള്‍ ആയുഷ്‌കേന്ദ്രങ്ങളാക്കാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കീഴില്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കുമായുള്ള ആയുര്‍വേദ കേന്ദ്രം (ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോള്‍സെന്റ് കെയര്‍ സെന്റര്‍) ആയുഷ്‌കാമീയം ആയുര്‍വേദ ഗ്രാമം തലക്കുളത്തൂര്‍ പുറക്കാട്ടിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുറക്കാട്ടിരിയിലെ ആശുപത്രിക്ക് എന്‍ എബി എച്ച് അംഗീകാരം നേടിയെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എ കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ഡോ. എന്‍ ശ്രീകുമാര്‍, ശരത് ചന്ദ്രന്‍ പ്രസംഗിച്ചു.
കുട്ടികളില്‍ കണ്ടുവരാറുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹന വ്യവസ്ഥയിലെ തകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തുടങ്ങി പഠന പെരുമാറ്റ പ്രശ്‌നങ്ങള്‍, ഓട്ടിസം, അപസ്മാരം, ബുദ്ധിമാന്ദ്യം, വിഷാദരോഗം എന്നിങ്ങനെ ശാരീരികവും, മാനസികവുമായ എല്ലാത്തരം പ്രശ്‌നങ്ങളേയും സമഗ്രമായി അപഗ്രഥിച്ച് പരിഹരിക്കുന്ന രീതിയാണ് ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്ററിലുള്ളത്.

Latest