സ്ഥലം കൈയേറി സ്ഥിരം വ്യാപാര ബങ്ക് നിര്‍മിക്കാന്‍ ശ്രമം

Posted on: September 7, 2015 10:11 am | Last updated: September 7, 2015 at 10:11 am

കോഴിക്കോട്: വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറി സ്ഥിരം വ്യാപാര ബങ്ക് നിര്‍മിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.
മെഡിക്കല്‍ കോളജിന് സമീപം ദേവഗിരി റോഡില്‍ വാട്ടര്‍ അതോറിറ്റി ടാങ്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഏതാനും ദിവസങ്ങളായി അനധികൃത നിര്‍മാണ പ്രവൃത്തി നടന്നിരുന്നത്. പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ട് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലീസെത്തി പ്രവൃത്തി നിര്‍ത്തിപ്പിക്കുകയായിരുന്നു.
നഗരത്തിലെ വിവിധിയിടങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കാണ് ദേവഗിരി റോഡിലുള്ളത്. കോവൂര്‍ ടാങ്ക് എന്നറിയപ്പെടുന്ന ഇതിന്റെ പരിസരത്ത് ഉന്തുവണ്ടി പെട്ടിക്കടകച്ചവടക്കാര്‍ നിരവധിയുണ്ട്. വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുമ്പോള്‍ വണ്ടികള്‍ നീക്കം ചെയ്യുകയാണ് പതിവ്. എന്നാല്‍ സ്ഥിരം ബങ്ക് നിര്‍മിക്കാനായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായുള്ള ശ്രമം.
കോര്‍പറേഷന്‍ അനുമതിയുണ്ടെന്ന രീതിയിലായിരുന്നു നിര്‍മാണം. ജോലിക്ക് നേതൃത്വം നല്‍കുന്നവരും ഇക്കാര്യം അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അനുമതി സംബന്ധിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം കൈയേറി നിര്‍മാണം നടത്താനുള്ള നീക്കത്തില്‍ വകുപ്പിലെ ട്രേഡ് യൂനിയനുകള്‍ സംയുക്തമായി പ്രതിഷേധിച്ചു. അതോറിറ്റിയുടെ സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് യൂനിയന്‍ നേതാക്കളായ എം ടി സായിപ്രകാശ് (യു ടി യു സി), പി സന്തോഷ്‌കുമാര്‍ (സി ഐ ടി യു), സി പി സദാനന്ദന്‍ (എ ഐ ടി യു സി), പി പ്രമോദ് (ഐ എന്‍ ടി യു സി ) ആവശ്യപ്പെട്ടു.