കെ എസ് ആര്‍ ടി സിക്ക് വാടകക്ക് നല്‍കിയ സ്ഥലം തിരിച്ചുവേണമെന്ന്

Posted on: September 7, 2015 10:10 am | Last updated: September 7, 2015 at 10:10 am

കോഴിക്കോട്: കെ എസ് ആര്‍ ടി സിക്ക് വാടകക്ക് നല്‍കിയ സ്ഥലം തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി രംഗത്ത്. നിലവില്‍ കെ എസ് ആര്‍ ടി സി ഡിപ്പോ പ്രവര്‍ത്തിക്കുന്ന പാവങ്ങാട്ടുള്ള രണ്ട് ഏക്കര്‍ 43 സെന്റ് സ്ഥലം ഒരു ലക്ഷം രൂപ വാടക നിശ്ചയിച്ചാണ് 2009ല്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിയത്. മാവൂര്‍ റോഡിലെ കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ പണി തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു വാടകക്ക് സ്ഥലം നല്‍കിയത്.
കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായ ഉടന്‍ തിരിച്ചുനല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായ ടെര്‍മിനല്‍ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റിയിലെ വിവിധ ട്രേഡ് യൂനിയനുകള്‍ ഒരുമിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാകത്ത കെ എസ് ആര്‍ ടി സി അധികൃതര്‍ വാടക ഇനത്തില്‍ ഇതുവരെ ഒന്നും നല്‍കിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പല തവണ കത്തായും ഫോണ്‍ ചെയ്തും യൂസര്‍ ഫീ അടക്കാനും സ്ഥലം ഒഴിഞ്ഞ് തരാനും തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കെ എസ് ആര്‍ ടി സി അവഗണിക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു.
വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് തന്നെ ആവശ്യത്തിന് സ്ഥലം ഇല്ലാത്ത സാഹചര്യമാണുള്ളത്. നിലവില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വിതരണത്തിനായുള്ള മെയിന്റനന്‍സ് പൈപ്പുകള്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം വാടകക്കെടുത്തും റോഡരികിലുമാണ് സൂക്ഷിക്കുന്നതെന്ന് ഇവര്‍ പറയുന്നു. അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വെള്ളമുപയോഗിച്ച് കുപ്പിവെള്ള നിര്‍മാണ പ്ലാന്റ് കോഴിക്കോട് തുടങ്ങാന്‍ പദ്ധതിയുണ്ട്. പ്രൊജക്ട് തയ്യാറായ ഈ പദ്ധതിക്ക് സ്ഥലം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ സ്ഥലം അടിയന്തരമായി വിട്ടുനല്‍കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ആവശ്യം.