Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ രണ്ട് ഗൈനക്കോളജിസ്റ്റുമാരെ നിയമിച്ചു

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ രണ്ട് ഗൈനക്കോളജിസ്റ്റുമാരെ നിയമിച്ചു. ആദിവാസി യുവതിക്ക് ചികിത്സ നല്‍കാതിരുന്ന സംഭവത്തില്‍ ഗൈനക്കോളജിസ്റ്റ് ഡോ സുഷമയെ സസ്‌പെന്റ് ചെയ്തതോടെ ഒരു ഡോക്ടറാണുണ്ടായിരുന്നത്. ഡോ സുഷമയെ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ പകരം സംവിധാനമൊരുക്കണമെന്ന് സി പിഎം നേതാക്കള്‍ എ ഡിഎമ്മും ഡി എ ഒയുമായും നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് വനിതകളുടെയും കുട്ടികളുയെും ആശുപത്രിയില്‍ നിന്നും ഡോ. ദീപ പുരുഷോത്തമനെയും പാലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോ. സി ജിഷ എന്നിവരെയുമാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിയമിച്ചത്.
ജില്ലാ ആശുപത്രിയില്‍ നാല് ഗൈനക്കോളജിസ്റ്റുമാരുടെ ഒഴിവാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരൊഴിവ് വര്‍ഷങ്ങളായി നികത്താതെ കിടക്കുയാണ്. പുതിയ നിയമനത്തോടെ നാല് ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ലഭിക്കും.
ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച ആദിവാസി യുവതിയെ പട്ടികവര്‍ഗ ഡയറക്ടര്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എടത്തന കൃഷ്ണന്റെ ഭാര്യ അനിതയില്‍ നിന്നുമാണ് പട്ടിക വര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ കെ രാമചന്ദ്രന്‍ മൊഴിയെടുത്തത്. എസ്ടി പ്രമോട്ടര്‍ ആബുലന്‍സിന്റെ ഡ്രൈവര്‍, ആശുപത്രി സൂപ്രണ്ട്, ആര്‍ എം ഒ എന്നിവരില്‍ നിന്നും അദ്ദേഹം മൊഴിയെടുത്തു. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പട്ടിക വര്‍ഗ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം സംഭവങ്ങളില്‍ വകുപ്പുകള്‍ തമ്മില്‍ കുറ്റപ്പെടുത്തലുകള്‍ നടത്താതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest