Kasargod
ജനപിന്തുണയില്ലാത്തതിനാല്‍ സി പി എം സമരങ്ങള്‍ പരാജയപ്പെടുന്നു -രമേശ് ചെന്നിത്തല
 
		
      																					
              
              
            തൃക്കരിപ്പൂര്‍: എന്താവശ്യം ഉന്നയിച്ച് സി പി എം സമരം ചെയ്താലും തുടരെ തുടരെ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നത് കേരള ജനത കാണാന്‍ തുടങ്ങിയിട്ട് കുറെ കാലമായെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വലിയപറമ്പ് പടന്നക്കടപ്പുറത്ത് എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് മന്ദിരത്തിന് ശിലയിട്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ യു ഡി എഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പട്ടിണി രഹിതരും തൊഴില്‍ അന്വേഷകരുമില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മതേതരത്വം തകര്‍ക്കാനുള്ള ഏത് നീക്കവും കോണ്‍ഗ്രസ് എതിര്‍ത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ അധ്യക്ഷനായിരുന്നു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെ പി സി സി നിര്‍വാഹക സമിതി അംഗം കെ വെളുത്തമ്പു ആദരിച്ചു. കെ പി സി സി നിര്‍വാഹക സമിതി അംഗം അഡ്വ. എം സി ജോസ്, ഡി സി സി വൈസ് പ്രസിഡന്റുമാരായ പി കെ ഫൈസല്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പെരിയ ബാലകൃഷ്ണന്‍, കെ പി പ്രകാശന്‍, ഡി സി സി മുന്‍ സെക്രട്ടറിമാരായ കരിമ്പില്‍ കൃഷ്ണന്‍, കെ വി ഗംഗാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

