From the print
മനുഷ്യത്വം പഠിക്കുന്ന വിദ്യാഭ്യാസ രീതി വളരണം: കാന്തപുരം
വികസനം വിപത്താകുന്ന സാഹചര്യങ്ങളുണ്ടാകരുത്
കോഴിക്കോട് | മനുഷ്യത്വം പഠിക്കുന്ന വിദ്യാഭ്യാസ രീതി വളര്‍ന്നുവരുമ്പോള്‍ നാടിന്റെ വികസനം എളുപ്പമാകുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. ജാതി, മത, രാഷ്ട്രീയത്തിന്റെ പേരിൽ വിദ്വേഷമില്ലാത്ത ജനത വളര്‍ന്നുവരണം. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള വികസന രേഖ സമര്‍പ്പണച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കാന്തപുരം.
ജനങ്ങളുടെ അടിസ്ഥാന സൗകര്യം പ്രധാനമാണ്. ഇത് ലഭ്യമാകുന്ന രൂപത്തിലുള്ള വികസനങ്ങള്‍ക്ക് പ്രാമുഖ്യം വേണം. വികസനം വിപത്താകുന്ന സാഹചര്യങ്ങളുണ്ടാകരുത്. കേവലം കെട്ടിടങ്ങളിലോ റോഡുകളിലോ മാത്രം ഒതുങ്ങേണ്ട ഒന്നല്ല, ഓരോ മനുഷ്യനും അറിവും വസ്ത്രവും പാര്‍പ്പിടവും സമാധാനപരമായ ജീവിതവും ഉറപ്പുവരുത്തുന്നതാണ് യഥാർഥ വികസനമെന്നും കാന്തപുരം വ്യക്തമാക്കി.
ഭൗതിക വികസനത്തിനൊപ്പം മാനുഷിക വികസനത്തിന് രേഖയില്‍ നല്‍കിയിട്ടുള്ള ഊന്നല്‍ ഏറെ ശ്രദ്ധേയമാണെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം പറഞ്ഞു. സന്തോഷ സൂചികയില്‍ നമ്മുടെ രാജ്യം ഇന്നും പിന്നിലാണ്. അഴിമതിക്കും ലഹരിക്കുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭരണപക്ഷം കൊണ്ടുവരുന്ന ഗുണപരമായ കാര്യങ്ങളെ പിന്തുണക്കാന്‍ പ്രതിപക്ഷത്തിന് കഴിയണമെന്നും അത്തരം ക്രിയാത്മകമായ രാഷ്ട്രീയ ശൈലിയാണ് നാടിന് ആവശ്യമെന്നും ഡി സി സി പ്രസിഡന്റ്്അഡ്വ. കെ പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. വികസന രേഖയിലെ ഭാഗങ്ങള്‍ യു ഡി എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ സമ്മർദം ചെലുത്തുമെന്നും പ്രവീൺ കുമാര്‍ വ്യക്തമാക്കി.
കേരളയാത്രയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ വികസന രേഖ വലിയ മുതല്‍ക്കൂട്ടാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അസ്സോസിയേറ്റ് എഡിറ്റര്‍ എം പി പ്രശാന്ത് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന കാന്തപുരം ഉസ്താദിന്റെ ആവശ്യം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മതാധിഷ്ഠിത ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ മതം മാത്രം പറയുമെന്ന് കരുതുന്ന സംഘടനകള്‍ ലക്ഷ്യബോധത്തോടെയുള്ള വികസന ചര്‍ച്ചകളിലേക്ക് കടക്കുന്നത് അത്ഭുതകരമാണെന്നും എം പി പ്രശാന്ത് വ്യക്തമാക്കി.
സിറാജ് അസ്സി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍, കേരള മുസ്്്ലിം ജമാഅത്ത് സെക്രട്ടറിമാരായ പേരോട് അബ്ദുർറഹ്്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, മീഡിയ കോ- ഓര്‍ഡിനേറ്റര്‍ എസ് ശറഫുദ്ദീന്‍ സംസാരിച്ചു.


