From the print
നാളെ 24 മണിക്കൂർ പണിമുടക്ക്
പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനെയും ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്
തിരുവനന്തപുരം | നാളെ നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ.പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനെയും ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ഷോപ്പിംഗ് മാളുകൾ, സ്‌പെഷ്യൽ ഇക്കണോമിക് സോൺ അടക്കമുള്ളവയും പണിമുടക്കിൽ സഹകരിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കും.
സംയുക്ത കർഷക മോർച്ചയും കർഷകത്തൊഴിലാളി സംഘടനകളും സി പി എം, സി പി ഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും ബേങ്ക്, ഇൻഷ്വറൻസ്, പ്രതിരോധം, റെയിൽവേ, തുറമുഖം, വ്യോമയാനരംഗത്തെ ജീവനക്കാരും അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


