മുസ്‌ലിം ലീഗ് നിലപാട് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി: കോടിയേരി

Posted on: September 5, 2015 6:37 pm | Last updated: September 5, 2015 at 6:42 pm

kodiyeri

ദോഹ: ബി ജെ പിയെ തോല്‍പിക്കുകയാണ് തങ്ങളുടെ മുഖ്യ രാഷ്ട്രീയ ലക്ഷ്യമെന്ന മുസ്‌ലിം ലീഗ് നിലപാട് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പിയോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷത്തെ തോല്‍പിക്കാനുള്ള നീക്കമാണ് ഉമ്മന്‍ ചാണ്ടി നടത്തി വന്നത്. എന്നാല്‍ മുഖ്യ ശത്രു സി പി എമ്മാണ് എന്ന നിലപാടില്‍ നിന്ന് മാറി ബി ജെ പിയെ ശത്രു സ്ഥാനത്തേക്കു കൊണ്ടു വരാനുള്ള മുസ്‌ലിം ലീഗ് നിലപാട് അവരുടെ തന്നെ മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റമാണ്.

അതേസമയം, കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ലീഗുമായി രാഷ്ട്രീയ സഖ്യം ഇടതു പക്ഷത്തിനു സാധ്യമല്ല. ഖത്തറില്‍ സി പി എം സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കോടിയേരി ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബി ജെ പിയെയും തോല്‍പിക്കുന്നതിന് വിവിധ മതേതര, ന്യൂനപക്ഷ, സാമൂഹിക വിഭാഗങ്ങളയും സഹകരിപ്പിക്കും. ജാതി, സമുദായ സംഘടനകളുമായി സഖ്യമുണ്ടാക്കില്ല. ഈ വിഭാഗങ്ങളിലുള്ള സാധാരണക്കാരുടെ കൂടെ നില്‍ക്കും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ പോലുള്ള പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. എന്നാല്‍, ഐ എന്‍ എല്ലിനെ ഇടതു മുന്നണിയുമായി കൂടുതല്‍ സഹകരിപ്പിക്കുകയും സീറ്റുകള്‍ നല്‍കുകയും ചെയ്യും.

പഞ്ചായത്തു തിരഞ്ഞെടുപ്പു നേരിടാന്‍ പാര്‍ട്ടി തയാറെടുത്തു വരികയാണ്. ഗ്രാമങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ടു സ്വീകരിക്കും. സോഷ്യല്‍ മീഡിയകളിലും അഭിപ്രായ സമാഹരണം നടത്തും.
അറബിക് സര്‍കവലാശാല കേരളത്തില്‍ കൊണ്ടു വരണമെന്നാണ് സി പി എം അഭിപ്രായം. ഒരു ഭാഷാ കലാശാലകള്‍ക്കും പാര്‍ട്ടി എതിരല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനക്ക് അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്.

കോഴിക്കോട് എയര്‍പോര്‍ട്ട് സ്വകാര്യവത്കരിക്കിനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. പ്രധാനമന്ത്രി ഗള്‍ഫില്‍ വന്നു പോയ ശേഷം വിമാനയാത്രാ നിരക്ക് ഉയര്‍ന്നു. യാത്രാക്കൂലി കുറക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും. പാര്‍ലിമെന്റില്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ എം പിമാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് എയര്‍പോര്‍ട്ട് സ്വകാര്യവത്കരിക്കിനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. പ്രധാനമന്ത്രി ഗള്‍ഫില്‍ വന്നു പോയ ശേഷം വിമാനയാത്രാ നിരക്ക് ഉയര്‍ന്നു. യാത്രാക്കൂലി കുറക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കും. പാര്‍ലിമെന്റില്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ എം പിമാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.