ചോരയൊഴുകിയ മണ്ണില്‍ അബ്ദുല്ല വീണ്ടുമെത്തി, ആ മക്കളെ മണ്ണോടു ചേര്‍ക്കാന്‍

Posted on: September 4, 2015 5:02 pm | Last updated: September 4, 2015 at 5:50 pm

syrian boy
ഡമസ്‌കസ്: ബന്ധുക്കളായ 11 പേരെ ഐസിസ് ഭീകരര്‍ തലയറുത്തു കൊന്ന് രണ്ട് മാസം പിന്നിടുമ്പോള്‍ അബ്ദുല്ല വീണ്ടുമെത്തി, ആ മണ്ണില്‍, സിറിയയിലെ കൊബാനയില്‍. ജീവനു തുല്യം സ്‌നേഹിച്ച പൊന്നുമക്കളായ അയ്‌ലാന്‍ കുര്‍ദിയേയും ലിറ്റില്‍ ഗാലിപ്പിനെയും ഭാര്യ രെഹാനെയേയും മണ്ണോട് ചേര്‍ക്കുവാനുള്ള ഒരു പിതാവിന്റെ അവസാന വരവ്. കൊബാനയിലേക്കുള്ള മടങ്ങിവരവിനെ ബന്ധുക്കള്‍ എല്ലാവരും ഒരേ സ്വരത്തില്‍ എതിര്‍ത്തപ്പോഴും അബ്ദുല്ല ഒന്ന് ഉറപ്പിച്ചു പറഞ്ഞു: ‘എനിക്ക് ഇനി ഈ ലോകത്ത് ഒന്നും ആവശ്യമില്ല. എന്തുവന്നാലും മക്കളെ അവരുടെ നാട്ടില്‍ തന്നെ ഖബറടക്കും’. ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ബന്ധുക്കള്‍ തോറ്റ് പിന്‍മാറുകയായിരുന്നു.

aylan kurdi buriel

വിമാനമാര്‍ഗം തുര്‍ക്കിയിലെത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് പോലീസ് വലയത്തില്‍ പ്രത്യേക വാഹനത്തില്‍ കൊബാനയില്‍ എത്തിക്കുകയായിരുന്നു. ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കാനായി നൂറുക്കണക്കിന് ആളുകളും ജനപ്രതിനിധികളും കൊബാനയില്‍ എത്തിച്ചേര്‍ന്നിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂവരുവടെയും മയ്യിത്തുകള്‍ അടുത്തടുത്തായാണ് ഖബറടക്കിയത്.

ഇക്കഴിഞ്ഞ ജൂണിലാണ് കൊബാനയിലുള്ള അബ്ദുല്ലയുടെ ബന്ധുക്കളായ 11 പേരെ ഐസിസ് ഭീകരര്‍ തലയറുത്തുകൊലപ്പെടുത്തിയത്.

aylan kurdi buriel 2