കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കണം: ആംനെസ്റ്റി സെമിനാര്‍

Posted on: September 4, 2015 9:25 am | Last updated: September 4, 2015 at 9:25 am

കുന്ദമംഗലം: ഇന്ത്യയില്‍ നിലവിലുള്ള കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ സെമിനാര്‍. കേരളത്തിലാദ്യമായി കാരന്തൂര്‍ മര്‍കസുമായി സഹകരിച്ച് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ചാപ്റ്റര്‍ ‘സുരക്ഷിത പ്രവാസം, സ്വസ്ഥ ജീവിതം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് പ്രവാസികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നത്.
രാവിലെ പത്തിന് മര്‍കസ് ആര്‍ട്‌സ് & സയന്‍സ് കോളജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രതിനിധിയുമായ നിഹാരിക ബെറ്റ്‌കെറൂര്‍ പ്രഭാഷണം നടത്തി.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ ചൂഷണത്തിന് വിധേയരാകാതിരിക്കാനും സുരക്ഷിതമായ ജീവിതം നയിക്കാനും ഇന്ത്യന്‍ കുടിയേറ്റ നിയമാവലികള്‍ പരിഷ്‌കരിക്കണമെന്ന് നിഹാരിക ബെറ്റ്‌കെറൂര്‍ പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടിയുള്ള നിയമാവലികള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ 2014 ജൂലൈ മുതല്‍ ആഗോളതലത്തില്‍ നടത്തിവരുന്ന ക്യാമ്പയിനിന്റെ ‘ഭാഗമായാണ് മര്‍കസ് സെമിനാര്‍ സംഘടിപ്പിച്ചത്.
ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ വക്താവ് സനംദീപ് സിംഗ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജീമോന്‍ ജേക്കപ്പ്, അഡ്വ. ആഷിഖ് മുംതാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഉനൈസ് മുഹമ്മദ്, അമീര്‍ ഹസന്‍, പ്രൊഫ. അബ്ദുല്‍ ഹമീദ്, ബബ്‌ലു റഹ്മാന്‍, അഡ്വ. സമദ് പുലിക്കാട്, യാസര്‍ അറഫാത്ത് നൂറാനി സംസാരിച്ചു.