തിരഞ്ഞെടുപ്പ്: പന്ത് ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോര്‍ട്ടില്‍

Posted on: September 4, 2015 4:43 am | Last updated: September 4, 2015 at 12:44 am

voteതിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി നിരാകരിച്ചതോടെ പന്ത് പൂര്‍ണമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോര്‍ട്ടില്‍. തിരഞ്ഞെടുപ്പ് എങ്ങനെ, എപ്പോള്‍ നടത്തണമെന്ന് ഇനി കമ്മീഷന് സ്വതന്ത്രമായി തീരുമാനിക്കാം. സര്‍ക്കാറുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് അനുസൃതമായി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാര്യങ്ങള്‍ നീക്കും. പുതിയ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും അംഗീകരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം അന്തിമ തീരുമാനമെന്നാണ് കമ്മീഷന്‍ നിലപാട്.
ഭരണഘടന നല്‍കുന്ന അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്നും സര്‍ക്കാറുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന്‍ നായര്‍ പ്രതികരിച്ചു. കോടതി വിധിയില്‍ നിയമോപദേശം തേടാനാണ് കമ്മീഷന്റെ തീരുമാനം. നവംബര്‍ ഒന്നിന് പകരം ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കും വിധം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്മീഷനും കോടതിയില്‍ ഇതിനോട് യോജിച്ചു. പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളുടെയും കണ്ണൂര്‍ കോര്‍പറേഷന്റെയും വാര്‍ഡ് വിഭജനവും ഇതിന് അനുസൃതമായി ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പുനര്‍വിഭജനവും നടത്താന്‍ വേണ്ടിയാണ് ഒരു മാസത്തേക്ക് തിരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടത്.
പുതുതായി രൂപവത്കരിച്ച 28 നഗരസഭകള്‍ക്കും കണ്ണൂര്‍ കോര്‍പറേഷനുമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിനായി ആറ് ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്തുകളും 13 ജില്ലാ പഞ്ചായത്തുകളും പുനഃസംഘടിപ്പിക്കണം. ഈ സമയപരിധിക്കുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്ന ആശങ്ക ഇനിയും നീങ്ങിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം കമ്മീഷന്‍ വിശദമായി പരിശോധിക്കുകയാണ്. തിരഞ്ഞെടുപ്പ് നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും മുമ്പ് സര്‍വകക്ഷി യോഗം വിളിക്കുന്നതിനെ കുറിച്ചും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 30 ബ്ലോക്ക് പഞ്ചായത്തുകള്‍ പുനര്‍ വിഭജിച്ച് കൊണ്ടുള്ള വിജ്ഞാപനം നേരത്തെ ഇറക്കിയിരുന്നു. ഇതിന് ശേഷം ജില്ലാ പഞ്ചായത്ത് വിഭജനത്തിനുള്ള നടപടികള്‍ തുടങ്ങും.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടുകളെല്ലാം പൂര്‍ണമായി നിരാകരിക്കുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും ഇന്നലത്തെ വിധിയില്‍ പ്രതിഫലിക്കുന്നു. പഞ്ചായത്ത് പുനര്‍ വിഭജനം റദ്ദാക്കിയ ഘട്ടത്തില്‍ തന്നെ സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് പൂര്‍ണാധികാരം നല്‍കിയതാണ്. സര്‍ക്കാറും കമ്മീഷനും വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ഘട്ടത്തിലായിരുന്നു ഈ വിധി. തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യത്തെ അനുകൂലിച്ച് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയപ്പോഴും പഴയ നിലപാട് മാറ്റാന്‍ ഹൈക്കോടതി മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്.