അന്താരാഷ്ട്ര അശ്വാരൂഢ പ്രദര്‍ശനം ഒമ്പത് മുതല്‍ 12 വരെ

Posted on: September 3, 2015 7:39 pm | Last updated: September 3, 2015 at 7:39 pm

unnamed (1)അബുദാബി: അബുദാബി ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ദേശീയ ഫാല്‍ക്കണ്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആശ്വാരൂഢ പ്രദര്‍ശനം സെപ്തംബര്‍ ഒമ്പത് മുതല്‍ 12 വരെ അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.
വേട്ട മൃഗങ്ങളും വേട്ട പക്ഷികളും അണിനിരക്കുന്ന അശ്വാരൂഢ പ്രദര്‍ശനത്തില്‍ പശ്ചിമേശ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും പ്രദര്‍ശകര്‍ എത്തുന്നുണ്ട്.
ഫാല്‍ക്കണ്‍, കുതിര, ഒട്ടകം, നായാട്ടു പട്ടികള്‍ എന്നീ നായാട്ടു മൃഗങ്ങളാണ് പ്രധാനമായും പ്രദര്‍ശനത്തിനുണ്ടാവുക. നായാട്ടു മൃഗങ്ങള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ നായാട്ടിനായി ഉപയോഗിക്കുന്ന നായാട്ട് ഉപകരണങ്ങളും വിവിധ രാജ്യങ്ങളില്‍ നായാട്ട് രീതികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
അബുദാബി ഭരണാധികാരിയുടെ പടിഞ്ഞാറന്‍ പ്രവിശ്യാ പ്രതിനിധിയും എമിറേറ്റ്‌സ് ഫാല്‍ക്കണ്‍ ക്ലബ്ബ് ചെയര്‍മാനും അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് അശ്വാരൂഢ പ്രദര്‍ശനത്തന്റെ ഉപദേശക സമിതി ചെയര്‍മാന്‍. അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയുടെയും അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും പൂര്‍ണ സഹകരണത്തിലാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളുടെ മുഖ്യ പങ്കാളിത്തമുണ്ടാകും.
പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വേട്ട മൃഗങ്ങളുടെയും വേട്ടക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുടെയും ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.