യു എ ഇ ഫുട്‌ബോള്‍ അസോസിയേഷന്‍ വെല്‍നസ് സെന്റര്‍ വി പി എസ് ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്തു

Posted on: September 3, 2015 7:36 pm | Last updated: September 3, 2015 at 7:36 pm

DSC_9392അബുദാബി: ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ അസോസിയേഷനുകളില്‍ ഒന്നായ, യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്റെ (യു എ ഇ എഫ് എ) വെല്‍നസ് സെന്റര്‍, ഗള്‍ഫിലെ മികച്ച ഹെല്‍ത്ത് കെയര്‍ കമ്പനിയായ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഏറ്റെടുത്തു. പ്രമുഖ മലയാളി യുവ വ്യവസായി ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വി പി എസ് ഗ്രൂപ്പിനെ കീഴിലെ, ബുര്‍ജീല്‍ ഹോസ്പ്പിറ്റല്‍ ഫോര്‍ അഡ്‌വാന്‍സഡ് സര്‍ജറി, ഇതുസംബന്ധിച്ച് യുഎഇ ഫുട്‌ബോള്‍ അസോസിയേഷനുമായി ദീര്‍ഘകാല കരാര്‍ ഒപ്പിട്ടു.
ദുബൈ അല്‍ഖവാനീജിലെ അസോസിയേഷന്‍ ആസ്ഥാനത്തിനുള്ളിലാണ്, ഈ അത്യാധുനിക രീതിയിലുള്ള വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ഈ സെന്റര്‍ അടുത്ത വര്‍ഷാദ്യത്തോടെ പ്രവര്‍ത്തനസജ്ജമാകും. യുഎഇ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രവര്‍ത്തന മേഖലയില മികച്ച നാഴികക്കല്ലായി ഇത് മാറുമെന്ന് വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു. ഹോസ്പ്പിറ്റലുകള്‍, മരുന്നു നിര്‍മാണ കമ്പനി, ഫാര്‍മസി എന്നിവയ്ക്ക് പുറമേ രാജ്യാന്തര നിലവാരത്തിലുള്ള വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തന നടത്തിപ്പിലേക്ക് കൂടി, ഇതോടെ, വി പി എസ് ഗ്രൂപ്പ് പുതിയ കാല്‍വെയ്പ്പ് നടത്തുകയാണ്.
യു എഇ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അബ്ദുല്ല ഹസ്സാം അല്‍ ദാഹിരി, സ്‌പോര്‍ട്‌സ് മെഡിസിന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുസ്തഫ അല്‍ ഹാശിമി, വി പി എസ് ഹെല്‍ത്ത് കെയറിന്റെ ദുബൈ വടക്കന്‍ മേഖലയുടെ ഡയറക്ടര്‍ ഡോ. ഇബ്റ്റിസാം അല്‍ ബസ്താക്കി, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ഷാജിര്‍ ഗഫാര്‍ എന്നിവരും ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ സംബന്ധിച്ചു. അത്യാധുനിക മോഡലിലുള്ള ജിം, മെഡിക്കല്‍ കല്‍നിക്ക്, സ്പാ, ഫാര്‍മസി, നീന്തല്‍കുളം, ലാബ്, യോഗാ കേന്ദ്രം, പെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ വിശാലമായ സംവിധാനങ്ങളോടെയാണ് ഈ വെല്‍നെസ് സെന്റര്‍ തുറക്കുന്നത്.
നേരത്തെ, വിവിധ രാജ്യങ്ങളിലെ ലോക പ്രശസ്ത ക്രിക്കറ്റ് താരങ്ങള്‍ക്കും ലോക കായിക മേളകള്‍ക്കും ബുര്‍ജീല്‍ ഹോസ്പ്പിറ്റലില്‍ രാജ്യാന്തര നിലവാരത്തിലുള്ള മെഡിക്കല്‍ സേവനങ്ങള്‍ നല്‍കിയിരുന്നു.