തിരൂര്‍ സ്റ്റാന്‍ഡില്‍ വിരിച്ച സിമന്റ് കട്ടകള്‍ പൊട്ടിത്തുടങ്ങി

Posted on: September 3, 2015 11:02 am | Last updated: September 3, 2015 at 11:02 am

തിരൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പ് ബസ് സ്റ്റാന്‍ഡില്‍ വിരിച്ച സിമന്റ് കട്ടകള്‍ പൊട്ടിത്തുടങ്ങി. ആധുനിക രീതിയില്‍ നവീകരണം പൂര്‍ത്തിയാക്കിയ കെ അബൂബക്കര്‍ സാഹിബ് സ്മാരക നഗരസഭ ബസ്സ്റ്റാന്‍ഡ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്ത് തുറന്ന് കൊടുത്തത്.
എന്നാല്‍ ബസുകള്‍ കയറി തുടങ്ങിയതോടെ ലക്ഷങ്ങള്‍ ചെലവിട്ട് വിരിച്ച സിമന്റ് കട്ടകള്‍ പൊട്ടിയിരിക്കുകയാണ്. ഒന്നര ലക്ഷത്തോളം കട്ടകളാണ് നവീകരണവുമായി ബന്ധപ്പെട്ട് പതിപ്പിച്ചത്. ഇരുപതിലധികം കട്ടകളാണ് പൊട്ടിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കരാറുകാരന്‍ ഇടപെട്ട് പൊട്ടിയ കട്ടകള്‍ മാറ്റുന്നതിനിടെ സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ലോക ബേങ്ക് നല്‍കിയ മുഴുവന്‍ തുകയും നഗരസഭ ചെലവഴിച്ചില്ലെന്നും നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നവീകരണ പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി തിരൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് രംഗത്ത് വന്നിരുന്നു. അതേസമയം എയര്‍ കുടുങ്ങിയ കട്ടകളാണ് ഇപ്പോള്‍ പൊട്ടിയതെന്നും കട്ടവിരിക്കല്‍ അഞ്ചുവര്‍ഷത്തെ കരാര്‍ പ്രകാരമായതിനാല്‍ അറ്റകുറ്റപ്പണി കരാറുകാരന്റെ ചുമതലയാണെന്നും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ സഫിയ ടീച്ചര്‍ പറഞ്ഞു. ആളുകള്‍ തടിച്ചു കൂടിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പോലീസെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി. 69 ലക്ഷം രൂപ ലോകബേങ്ക് ധനസഹായവും നഗരസഭയുടെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷവും സ്വകാര്യ പങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയുമടക്കം 1.25 കോടി രൂപ ചെലവഴിച്ചാണ് ബസ്സ്റ്റാന്റ് നവീകരണം പൂര്‍ത്തിയാക്കിയത്. സിമന്റ് കട്ട പാകിയതിനു പുറമെ ബസ്സ്റ്റാന്റ് കവാടം, എയ്ഡ് പോസ്റ്റ്, നിരീക്ഷണ ക്യാമറ, സൗജന്യ വൈഫൈ സംവിധാനം എന്നിവയും സ്ഥാപിച്ചിരുന്നു.