സിംഗപ്പൂര്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്: മത്സരരംഗത്ത് 21 ഇന്ത്യന്‍ വംശജരും

Posted on: September 3, 2015 5:42 am | Last updated: September 2, 2015 at 11:43 pm

സിംഗപ്പൂര്‍: അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സിംഗപ്പൂര്‍ പാര്‍ലിമെന്റിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ 21പേര്‍ മത്സരിക്കുന്നു. മൊത്തം 181 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സെപ്തംബര്‍ 11നാണ് തിരഞ്ഞെടുപ്പ്.
നിയമ, വിദേശകാര്യമന്ത്രി കെ ഷണ്‍മുഖം, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി എസ് ഈശ്വരന്‍, പരിസ്ഥിതി- ജലവിഭവ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ ഇന്ത്യന്‍ വംശജര്‍. ഇവരെല്ലാം ഭരണകക്ഷിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി (പി എ പി)ക്കാരാണ്. ലങ്കന്‍ വംശജരായ തര്‍മന്‍ ഷണ്‍മുഖരത്‌നം( ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയും), സാമ്പത്തിക വിദഗ്ദനായ കെന്നത്ത് ജയരത്‌നം എന്നിവരും ഭരണകക്ഷി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.
പ്രധാനമന്ത്രി ലീ ഹിസന്‍ ലൂങിന്റെ ഉപദേശം സ്വീകരിച്ച് പ്രസിഡണ്ട് ടോണി ടാന്‍ കെങ് യാം ആഗസ്ത് 25ന് പാര്‍ലിമെന്റ് പിരിച്ചുവിട്ടതോടെയാണ് പതിമൂന്നാമത് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. നിലവിലുണ്ടായിരുന്ന പന്ത്രണ്ടാമത് പാര്‍ലിമെന്റിന് 2017 ജനുവരി വരെ കാലാവധി ഉണ്ടായിരുന്നു. അതിനിടയില്‍ പി എ പി സ്ഥാപകനും സിംഗപ്പൂരിന്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യി മാര്‍ച്ചില്‍ 91ാമത് വയസില്‍ അന്തരിച്ചു.
അര നൂറ്റാണ്ടിലേറെ സിംഗപ്പൂര്‍ ഭരിച്ച പാര്‍ട്ടിയാണ് പി എ പി. 89 അംഗ പാര്‍ലിമെന്റില്‍ വന്‍ഭൂരിപക്ഷത്തോടെ പി എ പി തന്നെ അധികാരത്തില്‍ തിരിച്ച് വരുമെന്നാണ് പ്രതീക്ഷ. പിരിച്ചുവിടപ്പെട്ട 87 അംഗ പാര്‍ലിമെന്റില്‍ പി എ പിക്ക് 80 സീറ്റുകളുണ്ടായിരുന്നു. ചൈനീസ്, മലയാസ്, ഇന്ത്യന്‍ , യൂറേഷ്യന്‍ തുടങ്ങി ബഹുവംശ സമൂഹമാണ് സിംഗപ്പൂരിലേത്. പാര്‍ലിമെന്റില്‍ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഗ്രൂപ്പ് പ്രാതിനിധ്യ മണ്ഡല സംവിധാനം (ജി ആര്‍ സി) നിലവിലുണ്ട്. ഇത്തരം 16 ജി ആര്‍ സികളും, 13 ഏകാംഗ മണ്ഡലങ്ങളും ഉണ്ട്.
പൊതു തിരഞ്ഞെടുപ്പില്‍ 2.46 ദശലക്ഷം സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തും.