മലേഷ്യന്‍ പ്രധാനമന്ത്രിക്കതിരെ ആരോപണം; മഹാതീര്‍ മുഹമ്മദിനെ ചോദ്യം ചെയ്യും

Posted on: September 3, 2015 5:34 am | Last updated: September 2, 2015 at 11:35 pm

ക്വലാലംപൂര്‍: ക്വലാലംപൂരിര്‍ കഴിഞ്ഞ ആഴ്ച നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ വിളിച്ചുവരുത്തുമെന്ന് മലേഷ്യന്‍ പോലീസ്. മഹാതീര്‍ പ്രധാനമന്ത്രിക്കെതിരെ പ്രസംഗിക്കുകയും കുറ്റാരോപണം നടത്തുകയും ചെയ്തതായി ദേശീയ പോലീസ് തലവന്‍ ഖാലിദ് അബുബക്കറിനെ ഉദ്ധരിച്ച് മലേഷ്യകിനിയെന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ഭരണകക്ഷിയായ യുനൈറ്റഡ് മലയാസ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ നേതാക്കള്‍ അഴിമതി നടത്തിയെന്ന ആരോപണത്തെക്കുറിച്ച് തങ്ങള്‍ക്കറിയേണ്ടതുണ്ടെന്ന് പോലീസ് തലവന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ഞായറാഴ്ച നടന്ന പതിനായിരക്കണക്കിന് പേര്‍ അണിനിരന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ 90കാരനായ മഹാതീര്‍, നജീബിനെ പുറത്താക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അഴിമതി മറച്ച് പിടിക്കാനാണ് നജീബ് അധികാരത്തില്‍ കടിച്ച് തൂങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം മഹാതീര്‍ എതെങ്കിലും തരത്തിലുള്ള കേസുകളെ അഭിമുഖീകരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല.